ന്യൂഡൽഹി
കേരളത്തിന്റെ ബാറ്റർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് കാരണം പലതാണ്. പ്രധാനം, കിട്ടിയ അവസരം വിനിയോഗിക്കുന്നതിലെ വീഴ്ചതന്നെ.
വിൻഡീസ് പര്യടനത്തിൽ തിളങ്ങാൻ കഴിയാതിരുന്നത് തിരിച്ചടിയായി. വിൻഡീസിൽ രണ്ട് ഏകദിനത്തിലെ സ്കോർ 9, 51. ട്വന്റി20യിൽ 12, 7, 13. ഈ പര്യടനത്തിലെ മികവാണ് രണ്ടാംവിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് അവസരമൊരുക്കിയത്. പ്രധാന വിക്കറ്റ് കീപ്പറായി കെ എൽ രാഹുൽ തിരിച്ചെത്തിയതോടെ സാധ്യത പൂർണമായി അടഞ്ഞു. ഇപ്പോൾ പകരക്കാരനായി ടീമിൽ എടുക്കാൻ കാരണം രാഹുലിന്റെ ശാരീരികക്ഷമത സംബന്ധിച്ചുള്ള സംശയമാണെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ തുറന്നുപറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽനിന്നായിരിക്കും ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കുക. അപ്പോൾ സഞ്ജുവിന്റെ സാധ്യത രാഹുലിന്റെ ശാരീരികക്ഷമതയെയും ഇഷാൻ കിഷന്റെ പ്രകടനത്തെയും ആശ്രയിച്ചിരിക്കുമെന്ന് ചുരുക്കം. അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഋഷഭ് പന്ത് ലോകകപ്പിനും ഉണ്ടാകില്ല. രാഹുൽ, ഇഷാൻ, സഞ്ജു എന്നിവരിൽ രണ്ടുപേർക്കായിരിക്കും ലോകകപ്പ് ടീമിലേക്ക് അവസരം.
സഞ്ജുവിന് 13 ഏകദിനത്തിൽ 390 റണ്ണാണുള്ളത്. ശരാശരി 55.71. ട്വന്റി20യിൽ 21 കളിയിൽ 374 റൺ. ശരാശരി 19.68. ഏകദിനത്തിൽ തപ്പിത്തടയുന്ന സൂര്യകുമാർ യാദവ് 24 ഏകദിനത്തിൽ നേടിയത് 511 റൺമാത്രമാണ്. എന്നിട്ടും സൂര്യകുമാറിന്റെ സ്ഫോടനശേഷിയുള്ള ബാറ്റിൽ സെലക്ഷൻ കമ്മിറ്റി വിശ്വാസമർപ്പിച്ചു.















