‘‘അവർക്ക് നിങ്ങളെ അവിശ്വസിക്കാം.
ഭ്രാന്തനെന്ന് വിളിക്കാം, പരിഹസിക്കാം. നിങ്ങൾ
നിങ്ങളിൽ വിശ്വസിക്കുക.
മറ്റൊന്നും വിഷയമാകില്ല’’.
നോഹ ലെയ്ൽസ്
ബുഡാപെസ്റ്റ്
ട്രിപ്പിൾ സ്വർണമണിഞ്ഞ് ട്രാക്കിലെ രാജാവാകാൻ ഒരുങ്ങുകയാണ് നോഹ ലെയ്ൽസ്. ലോക അത്ലറ്റിക്സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ പൊന്നണിഞ്ഞ് വേഗക്കാരനായി. ഇനി 200 മീറ്ററും 4 x 100 മീറ്റർ റിലേയും ബാക്കി. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പിലും 200 മീറ്റർ ചാമ്പ്യനാണ്. 2019ൽ ദോഹയിലും 2022ൽ യൂജിനിലും 200ൽ വെല്ലാനാളില്ലായിരുന്നു. അതിനാൽ ഇത്തവണയും അനായാസ ജയമാണ് ഇരുപത്താറുകാരൻ പ്രതീക്ഷിക്കുന്നത്. ലോക താരങ്ങൾ ഉൾപ്പെട്ട അമേരിക്കൻ റിലേ ടീം അജയ്യരാണ്.
നോഹയുടെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമായിരുന്നു 100 മീറ്റർ ഫൈനൽ. മത്സരം 70 മീറ്റർ പിന്നിടുമ്പോൾ അമേരിക്കക്കാരൻ ചിത്രത്തിലില്ലായിരുന്നു. നാട്ടുകാരനായ ക്രിസ്റ്റ്യൻ കോൾമാനും ബ്രിട്ടന്റെ സാർനൽ ഹ്യൂസുമായിരുന്നു മുന്നിൽ. ബോട്സ്വാനയുടെ ലെറ്റ്സിലെ ടെബൊഗോയും ജമൈക്കയുടെ ഒബ്ലിക് സെവില്ലെയും ഒപ്പമുണ്ടായിരുന്നു. ഒരുനിമിഷത്തിന്റെ ഇടവേളയിൽ ഇവർക്കിടയിൽനിന്നാണ് നോഹ ഉദിച്ചുയർന്നത്. അവസാനകുതിപ്പിൽ എല്ലാവരേയും നിഷ്പ്രഭരാക്കി 9.83 സെക്കൻഡിൽ സുവർണനേട്ടം. ലെറ്റ്സിലെയുടെ വെള്ളി അപ്രതീക്ഷിതമായിരുന്നു. സാർനൽ ഹ്യൂസിനാണ് വെങ്കലം. ഇരുവരും 9.88 സെക്കൻഡിൽ കുതിച്ചെത്തിയപ്പോൾ മെഡൽ നിശ്ചയിച്ചത് ഫോട്ടോഫിനിഷാണ്. 2019ലെ ചാമ്പ്യൻ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ അഞ്ചാമതായി. ഒബ്ലിക് സെവില്ലെയാണ് നാലാമത്.
നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ ഫ്രെഡ് കെർലിയും ഒളിമ്പിക്സ് ചാമ്പ്യൻ ഇറ്റലിയുടെ മാഴ്സൽ ജേക്കബ്സും സെമിയിൽ പുറത്തായിരുന്നു.
തുടർച്ചയായി നാലാംതവണയാണ് അമേരിക്കൻ താരം സ്വർണം നേടുന്നത്. ലോക ചാമ്പ്യൻഷിപ് ചരിത്രത്തിൽ 12 തവണയാണ് അമേരിക്കൻ താരങ്ങൾ ഒന്നാമതെത്തിയത്. ജമൈക്കയുടെ ഉസൈൻ ബോൾട്ട് തുടർച്ചയായി മൂന്നുതവണ ലോക രാജാവായി.
വനിതകളുടെ ലോങ്ജമ്പിൽ സെർബിയയുടെ ഇവാന വുലെറ്റ (7.14 മീറ്റർ) സ്വർണം നേടി. പുരുഷന്മാരുടെ 10,000 മീറ്ററിൽ ഉഗാണ്ടയുടെ ജോഷ്വ കെപ്റ്റഗി സ്വർണം സ്വന്തമാക്കി. ഹാമർത്രോയിൽ ക്യാനഡയുടെ ഏതൻ കാറ്റ്സ്ബർഗ് 81.25 മീറ്റർ എറിഞ്ഞ് സ്വർണത്തിലെത്തി.
















