മാഡ്രിഡ്
‘ആകാശത്തുനിന്ന് അച്ഛനിതെല്ലാം കാണുന്നുണ്ടെന്ന് എനിക്കറിയാം. ഉറപ്പായും അഭിമാനത്തോടെയാകുമത്. ഈ അസാധാരണ നേട്ടത്തിന് എന്നെ പ്രാപ്തയാക്കിയത് മറ്റാരുമല്ല. പ്രിയപ്പെട്ട അച്ഛാ വിട’–- ഓൾഗ കർമോണ കണ്ണീരോടെ കുറിച്ചു.
വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയ്നിനെ കിരീടമണിയിച്ചതിനുപിന്നാലെയാണ് നടുക്കുന്ന വാർത്തയെത്തിയത്. അച്ഛൻ ഹൊസെ വെർഡാസ്കോ മരണപ്പെട്ടു. രണ്ടുദിവസമായി. പക്ഷെ സ്വപ്നഫൈനലിൽ ഓൾഗയെ ഒന്നും ബാധിക്കരുതെന്ന് കുടുംബം തീരുമാനിച്ചു. അമ്മയും അനുജനും കളി കാണാനെത്തി, പിന്തുണ നൽകി. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയഗോൾ നേടിയത് ഓൾഗയാണ്. സ്പാനിഷ് ക്യാപ്റ്റന്റെ ഇടംകാൽ ഷോട്ട് ചരിത്രത്തിലേക്കായിരുന്നു. വിജയാഘോഷത്തിന്റെ പരമോന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ഇരുപത്തിമൂന്നുകാരിയെ അച്ഛന്റെ വിയോഗം അറിയിക്കുന്നത്.
ഇടതുപ്രതിരോധക്കാരിയാണ് ഓൾഗ. ടൂർണമെന്റിൽ സ്പെയ്നിന്റെ കുതിപ്പിൽ ഈ റയൽ മാഡ്രിഡുകാരിയുടെ പങ്ക് ചെറുതല്ല. സെമിയിൽ സ്വീഡനെതിരെ കളിയവസാനം ഗോൾ നേടി ഫൈനലിലെത്തിച്ചു. അച്ഛൻ ഏറെനാളായി രോഗബാധിതനായിരുന്നു. ഫൈനലിന് രണ്ടുനാൾ മുമ്പേ മരണപ്പെട്ടു. അമ്മയുടെയും അനുജന്റെയും തീരുമാനമായിരുന്നു ഒന്നും അറിയിക്കേണ്ടെന്നത്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ഇത് സമ്മതിച്ചു. കൂട്ടുകാരും ബന്ധുക്കളുമെല്ലാം സങ്കടം ഉള്ളിലൊതുക്കി അവളെ സന്തോഷിപ്പിച്ചു, പ്രചോദിപ്പിച്ചു.
ഫൈനലിലെ വിജയഗോൾ ഓൾഗ സമർപ്പിച്ചത് ഉറ്റചങ്ങാതിയുടെ അമ്മയ്ക്കാണ്. കഴിഞ്ഞ ദിവസമായിരുന്നു കൂട്ടുകാരിയുടെ അമ്മ മരണപ്പെട്ടത്. ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയശേഷം ആ അമ്മയുടെ പേരെഴുതിയ കുപ്പായം ഉയർത്തികാട്ടി. ഗ്യാലറിയിൽ കണ്ണീരടക്കിയാണ് ഉറ്റവർ അതുകണ്ടുനിന്നത്.
മരണവാർത്തയറിഞ്ഞശേഷം സമൂഹമാധ്യമത്തിൽ ലോകകപ്പ് മെഡൽ ചുംബിക്കുന്ന ചിത്രംസഹിതം ഓൾഗയുടെ കുറിപ്പുവന്നു. അച്ഛനൊരു സുവർണനക്ഷത്രമായി മാറി എന്നും താരം അതിൽ പറഞ്ഞു.
സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ഓൾഗ കളി പഠിച്ചത്. പതിനേഴാം വയസ്സിൽ പ്രഫഷണൽ അരങ്ങേറ്റം കുറിച്ചു. മൂന്ന് സീസണായി റയൽ മാഡ്രിഡിലാണ്.















