ന്യൂഡൽഹി
കലാപത്തീയിൽ അമർന്ന മണിപ്പുരിൽ മനുഷ്യാവകാശപ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി മൂന്ന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ജഡ്ജിമാരായ ഗീതാമിത്തൽ, ശാലിനി ഫസൽക്കർ ജോഷി, ആശാമേനോൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ റിപ്പോർട്ടുകൾ നൽകിയത്. റിപ്പോർട്ടുകളുടെ പകർപ്പുകൾ കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതി മണിപ്പുർ വിഷയത്തിലുള്ള ഹർജികൾ പരിഗണിക്കും.
സംഘർഷസമയത്ത് പൗരൻമാരുടെ ആധാർകാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായിട്ടുണ്ട്. വീണ്ടും രേഖകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്. അതിനായി നോഡൽ ഓഫീസറെ നിയമിക്കണം. ഇരകൾക്കും കലാപബാധിതർക്കുമുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാണ് രണ്ടാമത്തെ റിപ്പോർട്ടിലെ മുഖ്യശുപാർശ. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (നാൽസ) പദ്ധതികളുടെ മാതൃകയിൽ നഷ്ടപരിഹാരത്തുക ഉയർത്തണം. മറ്റേതെങ്കിലും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കൾക്ക് മണിപ്പുർ നഷ്ടപരിഹാര പദ്ധതി പ്രകാരം സഹായം നൽകാനാകില്ലെന്ന നിലപാട് തിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായ സ്ത്രീകളുടെ പുനരധിവാസം, അവർക്ക് മാനസിക പിന്തുണ നൽകാനുള്ള സംവിധാനം തുടങ്ങിയവ ഉറപ്പാക്കാനുള്ള ചില നടപടികളും ശുപാർശ ചെയ്തിട്ടുണ്ട്. അതിനായി ഉപദേശ നിർദേശങ്ങൾ നൽകാൻ വിദഗ്ധരെയും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.















