കൊൽക്കത്ത
ബംഗാളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വൻതോതിൽ വർധിക്കുന്നു. മൂന്നു മാസത്തിനിടെ ഇത്തരത്തില് 112 കേസ് റിപ്പോർട്ടു ചെയ്തു. ആക്രമണങ്ങളിൽ ഭൂരിപക്ഷവും ആദിവാസി, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കു നേരെയാണ് ഉണ്ടായത്.
രണ്ടാഴ്ചയ്ക്കിടെ, കിഴക്കൻ ബർദ്വമാൻ ജില്ലയിൽമാത്രം ബലാത്സംഗത്തിനിരയായി അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. അതിൽ മൂന്നുപേരും പിന്നാക്ക, ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഔട്സ്ഗ്രാം, നൂപുർ, ഭാതര, മേമാരി, മിർജാപുർ എന്നീ മേഖലകളിലും പീഡനവും കൊലപാതകങ്ങളും നടന്നു. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
ഭരണകക്ഷി പിന്തുണയുള്ള അക്രമിസംഘങ്ങളാണ് പല കേസുകൾക്കുംപിന്നിൽ. പൊലീസ് നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് എല്ലായിടങ്ങളിലും വൻ പ്രതിഷേധവും സ്റ്റേഷൻ ഉപരോധവും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലകളില് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.















