പേരൂർക്കട
നെട്ടയം മണികണ്ഠേശ്വരത്ത് ബിജെപി –-ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടി. രണ്ട് പേർക്ക് വെട്ടേറ്റു. മണികണ്ഠേശ്വരം ഹെഡ്ഗേവാർ റോഡ് സ്വദേശിയും പാതിരിപ്പള്ളിയിൽ താമസക്കാരനായ പ്രവീൺ (36), മണികണ്ഠേശ്വരം സ്വദേശി മധു എന്നിവർക്കാണ് വെട്ടേറ്റത്. ഞായർ രാത്രി 12.30ഓടെ മണികണ്ഠേശ്വരം പാലത്തിന് സമീപത്തായിരുന്നു സംഭവം.
മണികണ്ഠേശ്വരം കേന്ദ്രമാക്കി വായ്പ തവണ മുടങ്ങിയ വാഹനങ്ങൾ പിടിച്ചെടുക്കുന്ന ബിജെപി–- ആർഎസ്എസ് പ്രവർത്തകരായ ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്.
അടുത്തിടെ ബിഎംഎസ് പ്രവർത്തകനായ മധുവിന്റെ മകനെ ഈ സംഘത്തിൽ ചേർത്തിരുന്നു. ഇത് വിലക്കിയ മധുവിനെ സംഘം ഫോണിൽ ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ തർക്കത്തിലാണ് ആർഎസ്എസ് ക്രിമിനലായ അഭിലാഷ് കണ്ണനും മധുവും ചേർന്ന് പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അഭിലാഷ് കണ്ണൻ മുമ്പ് എംജി കോളേജിൽ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതിയാണ്. ഇടതുകാലിന് വെട്ടേറ്റ പ്രവീണിനെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാൽമുട്ടിന് മുകളിലും താഴെയുമായി രണ്ട് വെട്ടുണ്ട്. സംഘർഷത്തിൽ മധുവിനും വെട്ടേറ്റു.
പ്രവീൺ വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ മധു, അഭിലാഷ് കണ്ണൻ എന്നിവരുടെ പേരിൽ കേസെടുത്തു.















