തിരുവനന്തപുരം
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ ചരട് വലിച്ചവർക്കെതിരെ തിരിച്ചടിക്കാനൊരുങ്ങി രമേശ് ചെന്നിത്തല. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകി ഒതുക്കാനുള്ള നീക്കം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കുന്നതോടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽനിന്ന് ചെന്നിത്തലയെ മാറ്റിനിർത്താമെന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാൽ. ചെന്നിത്തലയ്ക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന വേണുഗോപാലിന്റെ പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാണ്.
വേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങാൻ മുന്നിലുള്ള പ്രധാന തടസ്സം താനാണെന്ന് അറിയുന്നതിനാൽ എന്തെങ്കിലും സ്ഥാനം സ്വീകരിച്ച് ഒതുങ്ങാനില്ലെന്ന നിലപാടിലാണ് ചെന്നിത്തല. പുതുപ്പള്ളിയിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കാനും തനിക്കെതിരായ നീക്കത്തിന് ഡൽഹിയിൽ ചരടുവലിച്ചവർക്കെതിരെ ആഞ്ഞടിക്കാനുമാണ് ചെന്നിത്തലയുടെ തീരുമാനം. പുതിയ പ്രവർത്തക സമിതി പ്രഖ്യാപിച്ച ഞായറാഴ്ചയും തിങ്കൾ ഉച്ചവരെയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ ചെന്നിത്തല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലാണ് ആദ്യ വെടിപൊട്ടിച്ചത്. ചെന്നിത്തലയ്ക്ക് പരാതിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരുടെ പ്രതികരണത്തിനു പിന്നാലെയാണ് ആറിനുശേഷം തുറന്നുപറയുമെന്ന ചെന്നിത്തലയുടെ പ്രതികരണം.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റി വി ഡി സതീശനെ പ്രതിഷ്ഠിച്ചതിനു പിന്നിലും കെ സി വേണുഗോപാലായിരുന്നുവെന്നാണ് ചെന്നിത്തലയുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. വി ഡി സതീശനും കെ സുധാകരനുമടക്കമുള്ളവരുടെ പ്രതികരണങ്ങളും ചെന്നിത്തലയ്ക്ക് എതിരായിരുന്നു. ഇവരുടെ നീക്കങ്ങളെ തുറന്ന് എതിർക്കുമെന്ന സൂചനയാണ് ചെന്നിത്തല നൽകുന്നത്.
ആറിന് തുറന്നുപറയും
കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ അമർഷവുമായി ഞായർ ഉച്ചയ്ക്കുശേഷം പുതുപ്പള്ളിവിട്ട രമേശ് ചെന്നിത്തല രോഷം ഉള്ളിലൊതുക്കി മടങ്ങിയെത്തി. തനിക്കു നേരിട്ട അവഗണനയെക്കുറിച്ച് പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മാധ്യമങ്ങളോട് തുറന്നുപറയാമെന്ന നിലപാടിലാണ് അദ്ദേഹം.
‘‘മറ്റു കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സെപ്തംബർ ആറിന് തുറന്നുപറയാം. ഞാനൊരു സാധാരണ പ്രവർത്തകനാണ്. 14 ന് ഇവിടെ വന്നു. ഒരു ദിവസം മാറിനിൽക്കേണ്ടി വന്നു. അത്രയേയുള്ളൂ. ഇപ്പോൾ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് അജൻഡ.’’ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഐ ഗ്രൂപ്പ് നേതാക്കളും അണികളും ചെന്നിത്തലയ്ക്കുണ്ടായ അവഗണനയിൽ ദുഃഖിതരാണ്. ചെന്നിത്തലയ്ക്ക് പ്രതിഷേധമില്ലെന്ന വി ഡി സതീശന്റെ പരസ്യപ്രസ്താവനയിലും നീരസമുണ്ട്. ‘‘അതെങ്ങനെ സതീശന് അറിയാൻപറ്റും ’’എന്നാണ് ചോദ്യം. ഹൈക്കമാൻഡും കേരളത്തിലെ നേതൃനിരയും കൂട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചെന്നിത്തല പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തിയത്. ചെന്നിത്തലയുമായി സംസാരിച്ചിരുന്നെന്നും ഉള്ളിൽ വിഷമം കണ്ടേക്കാമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
പേര് വെട്ടിയത് കെ സി വേണുഗോപാൽ
കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് രമേശ് ചെന്നിത്തലയ്ക്ക് പ്രവേശനം നിഷേധിച്ചത് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിൽനിന്ന് ആരെയൊക്കെ പരിഗണിക്കണമെന്ന കാര്യത്തിൽ വേണുഗോപാലാണ് അന്തിമതീരുമാനം എടുത്തത്. വേണുഗോപാലിന്റെ നിർദേശം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകരിക്കുകയായിരുന്നു. ചെന്നിത്തലയേക്കാൾ ശശി തരൂരാണ് യോഗ്യനെന്ന അഭിപ്രായം വേണുഗോപാൽ ഖാർഗെയെ അറിയിച്ചു. തരൂരിനെ ദേശീയ രാഷ്ട്രീയത്തിൽത്തന്നെ നിലനിർത്തുകയെന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്.















