ജിദ്ദ > ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ എന്ന പേരിൽ ഫോക്കസ് ഇന്റർനാഷണൽ ജിദ്ദാ ഡിവിഷൻ സെമിനാർ സംഘടിപ്പിച്ചു.
നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നിലനിർത്തുവാനും വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കുവാനും സാധിക്കുമ്പോൾ മാത്രമാണ് രാജ്യത്തിന്റെ സൗന്ദര്യം നിലനിൽക്കുകയുള്ളു എന്ന് സെമിനാർ അഭിപ്രായപെട്ടു. ‘ഇന്ത്യ’ അലയൻസ് പ്രതീക്ഷയാണെന്നും അതിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമയോടെ കൈകോർക്കണമെന്നും യുവജനസംഘടനാനേതാക്കൾ അഭിപ്രായപെട്ടു.
ഫോക്കസ് കെയർ മാനേജർ ഷഫീഖ് പട്ടാമ്പി വിഷയാവതരണം നടത്തി. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യ എന്നും ഭരണഘടനയിൽ വിള്ളൽ വീഴാൻ അനുവദിക്കരുതെന്നും സെമിനാറിൽ സംസാരിച്ച മലയാളം ന്യൂസ് എഡിറ്റർ എ എം സജിത്ത് അഭിപ്രായപെട്ടു.
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം എന്നും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഭരണകൂടമാണ് രാജ്യത്തിന് ആവശ്യമെന്നും ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രതിനിധി ഫസലുള്ള വെളുവമ്പാലി പറഞ്ഞു. രാജ്യത്തെ മത രാജ്യമാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ശ്രമങ്ങളെ പ്രതിരോധിക്കുവാൻ യോജിച്ച മുന്നേറ്റം ആവശ്യമാണെന്ന് നവോദയ യൂത്ത് വിംഗ് പ്രതിനിധി ലാലു വെങ്ങൂർ അഭിപ്രായപെട്ടു.
വൈവിധ്യങ്ങളെ നിലനിർത്തി രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുവാൻ പുതിയ പ്രതീക്ഷയായ ‘ഇന്ത്യ’ അലയൻസ് ശക്തിപ്പെടുത്തണമെന്നും ഫാസിസത്തെ തടയിടാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും ഫിറ്റ് ജിദ്ദാ പ്രതിനിധി നൗഫൽ ഉള്ളാടൻ അഭിപ്രായപെട്ടു. ഫാസിസം വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് നടപ്പിലാക്കുന്നതെന്നും അതിനെ തടയിടാൻ പരസ്പര വിശ്വാസത്തോടെയും ആത്മാർത്ഥമായ സ്നേഹത്തിലൂടെയും ഐക്യപ്പെടുകയാണ് വേണ്ടതെന്നും യൂത്ത് ഇന്ത്യാ പ്രതിനിധി ഉമറുൽ ഫാറൂഖ് പറഞ്ഞു.















