കണ്ണൂർ
കടൽമത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പുതിയ പരാദജീവിയെ കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. ക്രസ്റ്റേഷ്യൻ ജീവികളുടെ (കട്ടിയായ പുറംതോടുള്ളവ) ഗണത്തിൽപ്പെട്ട പരാദജീവിയെ കൊല്ലം ആഴക്കടൽ മേഖലയിൽനിന്നാണ് കണ്ടെത്തിയത്. ‘എൽതുസ അക്വാബിയോ’ എന്നാണ് പേരു നൽകിയത്. |
ഹിരോഷിമ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ മുൻ പോസ്റ്റ് ഡോക്ടറൽ ഫെലോയുമായിരുന്ന കാസർകോട് തയ്യേനി സ്വദേശി ഡോ. പി ടി അനീഷ്, പോസ്റ്റ് ഡോക്ടറൽ ഗവേഷകരായ ഡോ. എ കെ ഹെൽന, സ്മൃതി രാജ്, പഠനവകുപ്പ് മേധാവി പ്രൊഫ. എ ബിജുകുമാർ എന്നിവരാണ് പുതിയ പരാദജീവിയെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്.
സൈമോത്തോയിഡേ കുടുംബത്തിലെ ‘എൽതുസ’ ജനുസ്സിൽ മുപ്പതോളം ഇനങ്ങളുണ്ട്. അതിൽ നാലു പുതിയ ഇനങ്ങളെ മുമ്പ് ഈ ഗവേഷകസംഘം കണ്ടെത്തിയിരുന്നു. ജീവികളുടെ വർഗീകരണശാസ്ത്രത്തിലെ പ്രശസ്ത അന്താരാഷ്ട്ര ഗവേഷണ ജേർണലായ ‘ജേർണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി’യുടെ പുതിയ ലക്കത്തിൽ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിൽ ഇന്ത്യയിൽ ക്രസ്റ്റേഷ്യൻ ജീവികളുടെ ഗവേഷണത്തിൽ ഏറ്റവുമധികം പുതിയ ജീവികളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത് കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പാണ്. പുതിയ സമുദ്ര ജീവികളെക്കുറിച്ചുള്ള കണ്ടെത്തലുകളും പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് വകുപ്പ് മേധാവി പ്രൊഫ. എ ബിജുകുമാർ പറഞ്ഞു.