കോഴിക്കോട്/വടകര> മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ ആക്രമിച്ചു. ഞായർ പുലർച്ചെ രണ്ടരയോടെ ട്രെയിൻ വടകര എത്തിയപ്പോഴാണ് സംഭവം. സൈനികൻ കൊല്ലം ശാസ്താംകോട്ട സ്വദേശി ബിജുകുമാർ (41) ആണ് ആക്രമിച്ചത്. ടിടിഇ ഋഷി ശശീന്ദ്രനാഥിനാണ് പരിക്കേറ്റത്.
അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ബിജുകുമാർ മറ്റൊരു വണ്ടിയുടെ ടിക്കറ്റുമായാണ് മംഗളൂരുവിൽനിന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ കയറിയത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങി മാറിക്കയറണമെന്ന് ടിടിഇ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു. കഴുത്തിന് പരിക്കേറ്റ ടിടിഇ ഷൊർണൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. മറ്റ് യാത്രക്കാർ ചേർന്ന് കീഴ്പ്പെടുത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















