തിരുവനന്തപുരം
തെളിവുസഹിതം തനിക്കെതിരെ ഉയരുന്ന ശക്തമായ ആക്ഷേപങ്ങളെ പ്രതിരോധിക്കാനാണ് മാത്യു കുഴൽനാടന്റെ ശ്രമം. ഇതിന്റെ ഭാഗമാണ് എക്സാലോജിക് കമ്പനിക്കും സിഇഒ വീണയ്ക്കുമെതിരായി തെളിവുകളൊന്നുമില്ലാതെ ഉന്നയിക്കുന്ന അധിക്ഷേപങ്ങൾ. ഇക്കാര്യത്തിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ തെളിവ് ഹാജരാക്കാനുള്ള സിപിഐ എം നേതാക്കളുടെ വെല്ലുവിളി കേട്ടതായിപ്പോലും കുഴൽനാടൻ ഭാവിക്കുന്നില്ല.
എക്സാലോജിക് കമ്പനിയും വീണ എന്ന ഐടി പ്രൊഫഷണലും കരാറിന്റെ അടിസ്ഥാനത്തിലാണ് സിഎംആർഎല്ലിന് സേവനം നൽകുന്നത്. ഇതിലെ നികുതി അടച്ചിട്ടില്ലെന്ന ആക്ഷേപം ആദായനികുതിവകുപ്പിനില്ല. പണമിടപാടുകൾ ബാങ്കുവഴിയായിരുന്നു. മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയതിനു പിന്നിലുണ്ടായ ബിനാമി ഇടപാടുകളും കള്ളപ്പണവും നികുതി വെട്ടിപ്പുമൊന്നും ഇക്കാര്യത്തിലില്ലെന്ന് കേന്ദ്ര ഏജൻസികളുടെ നിലപാടിൽനിന്ന് വ്യക്തം.
ആദായനികുതിയിൽ ഇൻകംടാക്സ് വകുപ്പും ജിഎസ്ടി അടച്ചിട്ടില്ലെങ്കിൽ കേന്ദ്ര ജിഎസ്ടി വകുപ്പുമാണ് നടപടി സ്വീകരിക്കുക. രണ്ടു വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദായനികുതിവകുപ്പിന്റെ ഇൻട്രിം ബോർഡ് ഉത്തരവിൽ ഇടപാട് നടന്നതിന് നികുതി പ്രശ്നമൊന്നും ഉന്നയിച്ചിട്ടുമില്ല. രേഖാമൂലമുള്ള കരാർ, ബാങ്ക് മുഖേന സാമ്പത്തിക ഇടപാട് എന്നിവ ആദായനികുതിവകുപ്പുതന്നെ സ്ഥിരീകരിച്ചതാണ്. സിഎംആർഎൽ ആദായനികുതി ഇളവിനായി കൊടുത്ത കണക്കുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളാണ് ബോർഡ് പരിഗണിച്ചത്.
എക്സാലോജിക്കുമായി ബന്ധപ്പെട്ട കരാർ തുക നൽകിയത് നികുതിയളവിന് പരിഗണിക്കാൻ കഴിയില്ലെന്ന തീർപ്പിലേക്ക് ബോർഡ് എത്തിയതിന്റെ സാഹചര്യം സിഎംആർഎൽ വിശദീകരിച്ചിട്ടുണ്ട്.
കമ്പനിയിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരിൽനിന്ന് നിർബന്ധിച്ച് സമ്മർദം ചെലുത്തി വാങ്ങിയ മൊഴി കണക്കിലെടുത്താണ് തീർപ്പുണ്ടായതെന്ന വെളിപ്പെടുത്തൽ കമ്പനി നടത്തിയിട്ടുമുണ്ട്. കമ്പനി പിന്നീട് നൽകിയ സത്യവാങ്മൂലം പരിഗണിക്കാതെയാണ് ബോർഡ് തീരുമാനത്തിലെത്തിയത്. ഇതൊക്കെ ബോർഡിന്റെ ഉത്തരവിൽത്തന്നെയുള്ള കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കിയശേഷമാണ്, മറ്റാരുടെയെങ്കിലും മേൽ ചെളിവാരി എറിഞ്ഞത് തനിക്കുനേരെ വരുന്ന കേസുകൾ തടഞ്ഞുനിർത്താൻ കഴിയുമോയെന്ന് കുഴൽനാടൻ നോക്കുന്നത്.















