ഭോപ്പാൽ > മധ്യപ്രദേശിൽ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. ദിലീപ് പവാർ(45), ഭാര്യ ഗംഗ(40), മക്കളായ യോഗേന്ദ്ര(14), നേഹ(17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകങ്ങൾ നടന്നത്.
വളർത്തുനായയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വളർത്തുനായയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ദിലീപ് പവാർ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന് സ്വയം കുത്തി മരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റു രണ്ട് മക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ പരിക്കുകളില്ലാതെ രക്ഷപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.