കൊച്ചി
അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ അഭിഭാഷകനിയമം ലംഘിച്ചെന്ന പരാതിയിൽ കേരള ബാർ കൗൺസിൽ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. കുഴൽനാടൻ ഒരേസമയം അഭിഭാഷകജോലിയും റിസോർട്ട് ബിസിനസും നടത്തുന്നത് അഡ്വക്കറ്റ്സ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ. സി കെ സജീവാണ് പരാതി നൽകിയത്.
എൻറോൾ ചെയ്ത അഭിഭാഷകൻ ഇത്തരത്തിൽ ബിസിനസ് ചെയ്യരുതെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ 47–-ാംചട്ടം പറയുന്നത്. തനിച്ചോ മറ്റ് വ്യക്തികളുമായി ചേർന്നോ ബിസിനസ് നടത്തുന്നതും ചട്ടവിരുദ്ധമാണ്.
അഡ്വ. മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എന്നിവർക്ക് കപ്പിത്താൻസ് ബംഗ്ലാവ് എന്ന പേരിലുള്ള റിസോർട്ടിന് ചിന്നക്കനാൽ പഞ്ചായത്ത് ലൈസൻസ് നൽകിയിരുന്നു. ലൈസൻസ് അപേക്ഷ നൽകിയത് പാർട്ണർഷിപ് സ്ഥാപനമല്ലെന്നും പരാതിയിൽ പറയുന്നു.
അതിനാൽ മാത്യു കുഴൽനാടന്റെ പ്രവൃത്തി ചട്ടവിരുദ്ധമാണെന്നും തൊഴിൽപരമായ സ്വഭാവദൂഷ്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ അഭിഭാഷകനിയമത്തിലെ 35–-ാംവകുപ്പനുസരിച്ച് നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.