സിഡ്നി
വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് പുതിയ ചാമ്പ്യൻ പിറക്കും. സിഡ്നിയിൽ ഇന്ത്യൻ സമയം പകൽ 3.30നാണ് കിരീടപ്പോര്. യൂറോപ്പിലെ രണ്ട് വൻ ശക്തികളായ ഇംഗ്ലണ്ടും സ്പെയ്നും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ആദ്യ ഫൈനലാണിത്.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിന്റെ ആവേശകരമായ പതിപ്പാണ് അവസാനിക്കുന്നത്. ഇംഗ്ലണ്ടും സ്പെയ്നും മനോഹരപ്രകടനങ്ങളുമായാണ് കലാശക്കളിയിലേക്ക് എത്തിയത്. ഗ്രൂപ്പുഘട്ടത്തിൽ ഗോൾ മഴ കണ്ടു. നോക്കൗട്ടിൽ ഷൂട്ടൗട്ടിന്റെ സമ്മർദമായിരുന്നു കാണാനായത്. എല്ലാം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖമെത്തുന്നത്.
സ്പെയ്നിന്റെ തുടക്കം ആധികാരികമായിരുന്നു. ആദ്യ രണ്ടു കളിയും ജയിച്ച് നോക്കൗട്ട് വേഗത്തിൽ അവർ ഉറപ്പാക്കി. എന്നാൽ, ഗ്രൂപ്പുഘട്ടത്തിലെ മൂന്നാംമത്സരത്തിൽ ജപ്പാനോട് നാല് ഗോളിന് തകർന്നടിഞ്ഞത് വലിയ ക്ഷീണമായി. നോക്കൗട്ടിൽ സ്പെയ്നിന്റെ മറ്റൊരു മുഖം കണ്ടു.
നെതർലൻഡ്സിനെ ക്വാർട്ടറിൽ 2–-1നാണ് കീഴടക്കിയത്. സ്വീഡനെതിരായ സെമി ആവേശകരമായി. 89–-ാംമിനിറ്റിൽ ഓൾഗ കർമോണയുടെ ഗോളിൽ 2–-1ന്റെ ജയം പിടിച്ച് ഫൈനലിലേക്ക്.
ഇംഗ്ലണ്ട് തോൽവിയറിയാതെ മുന്നേറി. പക്ഷേ, പ്രകടനം നല്ലതായിരുന്നില്ല. പ്രീ ക്വാർട്ടറിൽ നൈജീരിയയെ മറികടക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ക്വാർട്ടറിൽ കൊളംബിയയോട് പിന്നിട്ടുനിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. എന്നാൽ, സെമിയിൽ ഓസ്ട്രേലിയയെ മികച്ച കളിയിലൂടെ കീഴടക്കി. യൂറോ കപ്പിനൊപ്പം ലോകകപ്പുംകൂടി സെറീന വീഗ്മാൻ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് സംഘം പ്രതീക്ഷിക്കുന്നുണ്ട്.
അയ്താന ബൊൻമാറ്റിയാണ് സ്പെയ്നിന്റെ കുന്തമുന. മൂന്ന് ഗോൾ ഈ പ്ലേമേക്കർ ലോകകപ്പിൽ നേടി. സൂപ്പർ താരം അലെക്സിയ പുറ്റെല്ലാസ് മികവ് വീണ്ടെടുത്താൽ സ്പെയ്നിന് കാര്യങ്ങൾ അനുകൂലമാകും. യുവതാരം സൽമ പറുല്ലുയെലോയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയേക്കും. ഹോർജെ വിൽദയാണ് സ്പാനിഷ് പരിശീലകൻ.
അലെയ്സ റൂസോ, ലോറെൻ ഹെമ്പ്, കെയ്റ വാൽ, ലോറെൻ ജയിംസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങൾ.