തിരുവനന്തപുരം
രണ്ടുവർഷമായി കേന്ദ്ര സർക്കാർ വിഹിതം നൽകാതിരുന്നിട്ടും സാമൂഹ്യസുരക്ഷാ പെൻഷൻ മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യസുരക്ഷാ പെൻഷന് 1550 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 212 കോടിയും ഉൾപ്പെടെ 1762 കോടിയാണ് അനുവദിച്ചത്. 60 ലക്ഷംപേർക്കാണ് 3200 രൂപ വീതം പെൻഷൻ ലഭിക്കുക. ഇരുപത്തിമൂന്നിനുള്ളിൽ വിതരണം പൂർത്തിയാക്കും. എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പിഎഫ്എംഎസ് സോഫ്റ്റ്വെയർ വഴി തന്നെയാകണമെന്ന കേന്ദ്ര സർക്കാർ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരിമുതൽ സംസ്ഥാന സർക്കാർ എൻഎസ്എപി ഗുണഭോക്താക്കൾക്ക് വിതരണംചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്ക് മാത്രമാണ് എൻഎസ്എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.
കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരിമുതൽ എൻഎസ്എപി ഗുണഭോക്താക്കൾ ഉൾപ്പെടെ പെൻഷൻ അർഹതയുള്ള എല്ലാ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു. ജനങ്ങൾക്കു നൽകിയ ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ സർക്കാർ പാലിക്കുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.