പുതുപ്പള്ളി
യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവരെല്ലാം ഒരുപോലെയാണ്. അതിൽ പ്രതിപക്ഷ നേതാവ് പറയുംപോലെ ഒന്ന്, രണ്ട്, മൂന്ന് തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്. അതാണ് ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ് വികസനം ചർച്ചചെയ്യൂവെന്നാണ് പറയുന്നത്. ഇത് ഒളിച്ചോട്ടമാണ്. എന്തായാലും ഈ നാട്ടിൽ വികസന ചർച്ച എൽഡിഎഫ് സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളിൽ പങ്കെടുക്കും.
ഞായർ വൈകിട്ട് നാലിന് പുതുപ്പളളി കവലയിൽ വികസന സന്ദേശ സദസ് മുൻമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മുഖഛായ മാറിയ സെന്റ് ജോർജസ് എച്ച്സിൽനിന്ന് വികസന സന്ദേശയാത്രയും നടത്തും. 23, 25, 26 തീയതികളിൽ പ്രാദേശിക വികസന സന്ദേശ സദസ്സുകളും നടത്തും. ഇതിൽ മന്ത്രിമാർ പങ്കെടുക്കും.
22 ന് പാമ്പാടിയിൽ വനിതാ അസംബ്ലിയുണ്ട്. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷിണി അലി രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. 24, 30, ഒന്ന് തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയും കൺസ്യൂമർ ഫെഡും വിപണണിയയിൽ ഇടപെടുന്നുണ്ട്. പ്രതിപക്ഷം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്’–-വി എൻ വാസവൻ പറഞ്ഞു.
എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, എ വി റസൽ, അഡ്വ. വി ബി ബിനു, കെ ആർ രാജൻ, കെ എം രാധാകൃഷ്ണണൻ, ജോസഫ് ചാമക്കാല, രാജീവ് നെല്ലിക്കുന്നേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.