ആലപ്പുഴ
ക്രൂരമായ പൊലീസ് മർദനത്തിനിടയിലും മുറുകെപ്പിടിച്ച ത്രിവർണപതാക താഴെയിടാതെ അതുമായി കോടതിയിൽ ഹാജരായ പി കൃഷ്ണപിള്ളയുടെ പോരാട്ടവീര്യം ഓർത്തെടുത്ത് നാട്. ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും ആഭിമുഖ്യത്തിൽ സഖാവിന്റെ 75–-ാം ചരമവാർഷികം ആചരിച്ചു.
പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടും അവസാനനാളുകളിൽ കഴിഞ്ഞ കണ്ണർകാട് ചെല്ലിക്കണ്ടത്തും നൂറുകണക്കിനാളുകൾ അദ്ദേഹത്തിന്റെ വീരസ്മരണ പുതുക്കി. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും ചെല്ലിക്കണ്ടത്തെ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി. രണ്ടിടത്തും അനുസ്മരണസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.
എം വി ഗോവിന്ദൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എന്നിവർ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലും ശവകുടീരത്തിലും പുഷ്പചക്രങ്ങൾ അർപ്പിച്ചു. വലിയചുടുകാട്ടിലെ അനുസ്മരണസമ്മേളനത്തിൽ ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ആർ നാസർ സ്വാഗതം പറഞ്ഞു. സി എസ് സുജാത, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, മന്ത്രി പി പ്രസാദ്, കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, കെ രാഘവൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, എ എം ആരിഫ് എംപി, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി തുടങ്ങിയവർ പങ്കെടുത്തു.
ചെല്ലിക്കണ്ടത്തെ കൃഷ്ണപിള്ള സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്ക് എം വി ഗോവിന്ദൻ, സി എസ് സുജാത, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, പി കെ മേദിനി, മന്ത്രി പി പ്രസാദ്, ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി, ജി വേണുഗോപാൽ, മനു സി പുളിക്കൽ, പി പി ചിത്തരഞ്ജൻ എംഎൽഎ, പി വി സത്യനേശൻ തുടങ്ങിയവർ നേതൃത്വം നൽകി. അനുസ്മരണസമ്മേളനത്തിൽ കെ ബി ബിമൽ റോയ് അധ്യക്ഷനായി. പി സന്തോഷ് കുമാർ എംപി മുഖ്യപ്രഭാഷണം നടത്തി. ദിനാചരണകമ്മിറ്റി സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.