ഇംഫാൽ> പ്രശ്നങ്ങൾ പരിഹരിക്കേണ്ടവരാണ് മണിപ്പുരിൽ തീ ആളിക്കത്തിച്ചതെന്ന് ഇംഫാൽ ആർച്ച്ബിഷപ് ഡോമിനിക് ലുമോൻ. ആർച്ച്ബിഷപ്സ് ഹൗസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഓരോ വിഭാഗത്തിനും അവരവരുടേതായ ആശങ്കകളും ഭീതിയുമുണ്ട്. ഇതാക്കെ സർക്കാർ ചർച്ചചെയ്ത് പരിഹരിക്കണം. സംഘർഷം ആളിക്കത്തിച്ചത് കേന്ദ്ര– -സംസ്ഥാന സർക്കാരുകളുടെ ഈ സമീപനമാണ്– -ആർച്ച്ബിഷപ് പറഞ്ഞു.
കലാപത്തിൽ കത്തോലിക്ക സഭയ്ക്കുണ്ടായ നഷ്ടം വിലമതിക്കാൻ കഴിയാത്തതാണ്. സംസ്ഥാനത്ത് സഭ നടത്തുന്ന സ്കൂളുകളിലായി അറുപതിനായിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. പള്ളികളോട് ചേർന്നുണ്ടായിരുന്ന പല സ്കൂളുകളും പൂർണമായി നശിപ്പിച്ചു. ആയിരക്കണക്കിനുപേരുടെ വിദ്യാഭ്യാസം മുടങ്ങി. സാമ്പത്തികനഷ്ടം, തൊഴിൽ നഷ്ടം എന്നിവ ഇതിനു പുറമെ. സഭയുടെ ആസ്തികൾക്കുണ്ടായ നഷ്ടംതന്നെ 50 കോടിയിൽപ്പരമാണ്. സർക്കാർ പ്രതിനിധികൾ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല–- ആർച്ച്ബിഷപ് പറഞ്ഞു.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് യെച്ചൂരി ഉറപ്പ് നൽകി. സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, അസം സംസ്ഥാന സെക്രട്ടറി സുപ്രകാശ് താലൂക്ക്ധർ, കേന്ദ്ര കമ്മിറ്റിയംഗം ദേബ്ലീന ഹെംബ്രാം, മണിപ്പുർ സംസ്ഥാന സെക്രട്ടറി ക്ഷത്രിമയൂംശാന്ത എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിവിധ പൗരസംഘടനകളുടെ പ്രതിനിധികളുമായും നേതാക്കൾ കൂടിയാലോചന നടത്തി. ബിജെപി മണിപ്പുർ ജനതയെ വഞ്ചിച്ചുവെന്ന വികാരമാണ് സംഘടനകൾ പങ്കിട്ടത്. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ ഭാവി നടപടി മുംബൈയില്‍ ചേരുന്ന ഇന്ത്യ യോഗത്തില്‍ തീരുമാനിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. വൈകിട്ട് വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം ചേർന്നു. സീതാറാം യെച്ചൂരി, ക്ഷത്രിമയൂം ശാന്ത, മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്, പിസിസി പ്രസിഡന്റ് കെയ്ഷം മേഘചന്ദ്ര സിങ് എന്നിവർ നേതൃത്വം നൽകി.