കൊച്ചി
സംരംഭകവർഷത്തിന്റെ ഭാഗമായി കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടായെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ, വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ചേർന്ന് ആരംഭിച്ച എംഎസ്എംഇ ഹെൽപ്പ് ഡെസ്കിന്റെയും ടാക്സ് ഓഡിറ്റ് സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംരംഭകവർഷത്തിന്റെ ഭാഗമായി ഇതുവരെ 1,39,000 സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. 45,000 സ്ത്രീസംരംഭങ്ങളും ആരംഭിച്ചു. സംരംഭങ്ങൾക്ക് നാലുശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന പ്രത്യേക പദ്ധതിയും നടപ്പാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായങ്ങൾക്ക് വെല്ലുവിളിയായി കേരളത്തിലെ വ്യാവസായികമേഖല മാറുകയാണ്. ഇതിന് ഉദാഹരണമാണ് പുതിയതായി 1026 വെളിച്ചെണ്ണ മില്ലുകൾ ആരംഭിച്ചത്. ഇത്തരം സംരംഭങ്ങൾ വഴി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം റിനൈ കൊച്ചിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ഐസിഎഐ മുൻ സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, ദീപ വർഗീസ്, എ എസ് ആനന്ദ് എന്നിവർ സംസാരിച്ചു.
ബിസിനസ് സംബന്ധമായ സംശയങ്ങൾ, വായ്പയ്ക്ക് ഡിപിആർ തയ്യാറാക്കൽ, ഫിനാൻസ്, ടാക്സ് ഓഡിറ്റ് വിഷയങ്ങളിലെ സംശയനിവാരണം എന്നിവയ്ക്ക് ഹെൽപ്പ് ഡെസ്ക് പ്രയോജനപ്പെടുത്താം. എല്ലാ മാസവും ആദ്യ ശനിയാഴ്ച എംഎസ്എംഇകൾക്ക് ഹെൽപ്പ് ഡെസ്ക് സേവനം ഐസിഎഐയുടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ റീജണൽ ഓഫീസുകളിൽ ലഭിക്കും. സേവനം ഒരുവർഷം സൗജന്യമാണ്.