തിരുവനന്തപുരം
ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ചുകിലോ അരി സൗജന്യമായി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സപ്ലൈകോയുടെ കൈവശമുള്ള അരിയിൽനിന്നാണ് വിതരണം. അരി സപ്ലൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിക്കും. എട്ടാംക്ലാസ് വരെയുള്ള 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ.
24നകം വിതരണം പൂർത്തിയാക്കാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ലോട്ടറി ഏജന്റുമാർക്ക് 6000 രൂപ ഉത്സവബത്ത; പെൻഷൻകാർക്ക് 2000
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഏജന്റ്–-വിൽപ്പനക്കാർക്കും പെൻഷൻകാർക്കും യഥാക്രമം 6000, 2000 രൂപ നിരക്കിൽ ഓണം ഉത്സവബത്ത നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപയാണ് അനുവദിച്ചത്.