ന്യൂഡൽഹി
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ധാബോൽക്കറുടെ പത്താം ചരമവാർഷികത്തിലും അദ്ദേഹത്തിന്റെ നിഷ്ഠുരമായ കൊലപാതകത്തിലെ ഗൂഢാലോചന ചുരുളഴിഞ്ഞിട്ടില്ല. 2013 ആഗസ്ത് 20ന് പ്രഭാതനടത്തത്തിനുപോയ ധാബോൽക്കർ പുണെ സിറ്റിയിലെ വിത്തൽ റാംജി ഷിൻഡെ പാലത്തിനുസമീപം വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് ധാബോൽക്കർക്കു നേരെ നിറയൊഴിച്ചത്.
പൻവേലിലെ ഇഎൻടി സർജൻ വിരേന്ദ്രസിങ് താവ്ഡെയാണ് കൊലപാതകത്തിനു പിന്നിലെ ആസൂത്രകനെന്ന് പൊലീസ് പറയുന്നു. ഇയാളെയും ധാബോൽക്കർക്കുനേരെ വെടിയുതിർത്ത സച്ചിൻ ആന്ദുരേ, ശരദ് കലാസ്കർ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിചാരണ പുണെ കോടതിയിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ, ധാബോൽക്കറുടെ കൊലപാതകത്തിനു പിന്നിലെ വലിയ ഗൂഢാലോചന ഇനിയും പുറത്തുവന്നിട്ടില്ലെന്ന് മക്കളായ ഹാമിദ് ധാബോൽക്കറും മുക്താപട്വർധനും പ്രതികരിച്ചു.
ധാബോൽക്കർക്കു നേരെ വെടിയുതിർത്ത സച്ചിൻ ആന്ദുരേ, ശരദ്കലാസ്കർ എന്നിവർ ഗോവിന്ദ്പൻസാരെ വധക്കേസിലും പ്രതികളാണ്. ശരദ്കലാസ്കർ സനാതൻസൻസ്ത എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ അനുയായിയാണ്. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾക്കു പിന്നിൽ പൊതുഘടകങ്ങൾ ഏറെയുണ്ട്.
അതേസമയം, ധാബോൽക്കറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ ഇനിയും അന്വേഷക സംഘത്തിന് കഴിയാത്തത് ദുരൂഹമാണ്. ധാബോൽക്കർക്ക് പിന്നാലെയാണ് പൻസാരെ, കൽബുർഗി, ഗൗരിലങ്കേഷ് എന്നിവർ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ, ധാബോൽക്കറുടെ വധത്തിന് കാരണമായ തോക്ക് കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.