അബുദാബി > ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ (FDF) സുപ്രീം ചെയർവുമണുമായ ശൈഖ് ഫാത്തിമ ബിൻത് മുബാറക് വനിതാ കായിക അവാർഡിന് നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. ഫാത്തിമ ബിൻത് മുബാറക് ലേഡീസ് സ്പോർട്സ് അക്കാദമിയാണ് നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് ആയ www.fbmwomensportsaward.ae വഴി അർഹരായവർക്ക് രജിസ്റ്റർ ചെയ്യാം. യോഗ്യതയുള്ള കായിക സ്ഥാപനങ്ങൾക്കും ഫെഡറേഷനുകൾക്കും വ്യക്തികൾക്കും നാമനിർദ്ദേശം സമർപ്പിക്കാം.
അവാർഡിന്റെ ഏഴാം പതിപ്പിന്റെ നോമിനേഷൻ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. നവംബർ 15-ന് നടക്കുന്ന ചടങ്ങിൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. അറബ് മേഖലയിലെ വനിതാ കായികരംഗത്ത് ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിലൊന്നാണ് ഫാത്തിമ ബിൻത് മുബാറക് വനിതാ കായിക അവാർഡ്. അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ഫാത്തിമ ബിൻത് മുബാറക് ലേഡീസ് സ്പോർട്സ് അക്കാദമിയാണ് അവാർഡ് നൽകുന്നത്.
11 വിഭാഗങ്ങളിലായി നോമിനേഷനുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. മികച്ച അറബ് വനിതാ അത്ലറ്റ്, മികച്ച എമിറാറ്റി വനിതാ അത്ലറ്റ്, മികച്ച യൂത്ത് അത്ലറ്റ്, മികച്ച പാരാലിമ്പിക് അത്ലറ്റ്, മികച്ച വനിതാ/ പുരുഷ പരിശീലകൻ, മികച്ച കായിക മാധ്യമം മികച്ച യുവജന വികസന പരിപാടി, മികച്ച ടീം, മികച്ച സ്പോർട്സ് ക്രിയേറ്റീവ് ഇനിഷ്യേറ്റീവ് എന്നിങ്ങനെയാണ് അവാർഡുകൾ. കായികരംഗത്തെ മികച്ച പ്രകടനത്തിനും സംഭാവനകൾക്കുമായി അറബ് സ്പോർട്സ് പേഴ്സണാലിറ്റി അവാർഡും നൽകുന്നുണ്ട്.