ദുബായ് > യുഎഇയിൽ ഉച്ച വിശ്രമ നിയമംലംഘിച്ച് കമ്പനികൾ. നിയമലംഘനം നടത്തിയ 50 ഓളം കേസുകൾ കണ്ടെത്തി. ഉച്ചവിശ്രമനിയമം ആരംഭിച്ച ജൂൺ 15 നും ജൂലൈ അവസാനത്തിനും ഇടയിൽ നടത്തിയ പരിശോധനയിൽ നിയമം പാലിക്കാത്ത 47 കേസുകൾ കണ്ടെത്തിയതായി മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം ഭൂരിഭാഗം തൊഴിലുടമകളും നിയമം പാലിച്ചതായും കണ്ടെത്തി.
താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമ്പോൾ ഉച്ചയ്ക്ക് 12.30 നും 3 മണിക്കും ഇടയിലാണ് തൊഴിലാളികൾക്ക് വിശ്രമം നൽകേണ്ടത്. ഇത് തൊഴിലാളികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ആവർത്തിച്ചു.
ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഉച്ച വിശ്രമ നിയമത്തിന്റെ മുഖ്യ ഉദ്ദേശ്യമെന്ന് മന്ത്രാലയം പറഞ്ഞു. വേനൽക്കാലത്ത് കടുത്ത ചൂടുള്ള സമയങ്ങളിൽ തൊഴിലാളികൾ വെളിയിൽ ജോലിചെയ്യുന്നത് തടയുകയും തൊഴിലാളികളുടെ പരിക്കുകൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ തൊഴിൽ അന്തരീക്ഷം വർദ്ധിപ്പിക്കുന്നതിന് ഈ നിയമം സഹായിച്ചുവെന്നും അധികൃതർ പറഞ്ഞു.
ഈ വർഷം സെപ്തംബർ 15 വരെ മധ്യാഹ്ന ഇടവേള സംരംഭം പ്രാബല്യത്തിൽ തുടരും. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം പിഴ ചുമത്തും. കഴിഞ്ഞ വർഷം, രാജ്യത്തുടനീളം 55,192 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും 99 ശതമാനം നിയമം പാലിച്ചതായും മന്ത്രാലയം അറിയിച്ചു. വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ കമ്പനികളിൽ 17,000 ബോധവൽക്കരണ സന്ദർശനങ്ങൾ നടത്തി. കമ്പനികൾക്കും ലേബർ അക്കോമഡേഷൻ ക്യാമ്പുകൾക്കും വർക്ക്ഷോപ്പുകൾ നടത്തുകയും ബ്രോഷറുകൾ വിതരണം ചെയ്യുകയും ചെയ്തു.















