ന്യൂഡൽഹി
വിദ്വേഷപ്രസംഗങ്ങൾക്ക് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷിചേരാൻ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ഡൽഹിയിലെ നൻഗ്ലോയ്, ഗോണ്ടാചൗക്ക് എന്നിവിടങ്ങളിൽ വിഎച്ച്പി, ബജ്റംഗദൾ നേതാക്കൾ തീവ്ര വിദ്വേഷപ്രസംഗങ്ങൾ നടത്തിയതായി ബൃന്ദ കാരാട്ടും സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തണമെന്നാണ് ഇക്കൂട്ടരുടെ ആഹ്വാനം. തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കളുടെ വിദ്വേഷപ്രചരണം തടയാന് അധികൃതര് നടപടിയെടുക്കുന്നില്ല. സുപ്രീംകോടതി ഇടപെടല്വേണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. വിദ്വേഷപ്രസംഗങ്ങളുടെ രേഖകളും കൈമാറി.
വിദ്വേഷപ്രസംഗങ്ങൾ തടയണം;
കത്തെഴുതി 101 വനിതാ അഭിഭാഷകർ
ഹരിയാനയിലെ നൂഹ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യാപകമാകുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി വനിതാ അഭിഭാഷകരുടെ ഫോറം (ഡബ്ല്യുഎൽഎഫ്) സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. തീവ്ര വിദ്വേഷപ്രസംഗങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോട് കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഡൽഹിയിലും ഗുരുഗ്രാമിലും പ്രാക്ടീസ് ചെയ്യുന്ന വനിതാ അഭിഭാഷകരാണ് കത്തിൽ ഒപ്പിട്ടത്.















