കൊച്ചി
കെപിസിസി അംഗം മാത്യൂ കുഴൽനാടൻ എംഎൽഎ സ്വന്തമാക്കിയത് വരുമാനത്തിന്റെ 30 ഇരട്ടി സ്വത്ത്. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത് വ്യക്തമാണെന്ന് സിപിഐ എം. കുഴൽനാടനും ഭാര്യക്കും കൂടി ആകെ വരുമാനമായി കാണിച്ചിരിക്കുന്നത് 95.86 ലക്ഷമാണ്. എന്നാൽ, ഭൂമിയും ഓഹരിയിലുമായി സമ്പാദിച്ച ആകെ സ്വത്ത് 35 കോടിയാണ്.
സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനത്തിലൂടെയും ബാങ്ക് വായ്പയിലൂടെയുമാണ് സ്വത്ത് സ്വന്തമാക്കിയതെന്നാണ് കുഴൽനാടൻ പറഞ്ഞത്. സത്യവാങ്മൂല പ്രകാരം ഇത് വസ്തുതാവിരുദ്ധമാണ്. 2016 മുതൽ 2021 വരെ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനം 65.28 ലക്ഷമാണ്. ഭാര്യയുടെത് 30.58 ലക്ഷവും. ആകെ 95.86 ലക്ഷം. പാരമ്പര്യസ്വത്ത് 4.5 കോടി. എല്ലാംകൂടി അഞ്ചുകോടിക്കടുത്ത്. യൂണിയൻ ബാങ്കിൽ എംഎൽഎയുടെയും ഭാര്യയുടെയും പേരിൽ 16.75 ലക്ഷം വീതമുള്ള രണ്ടു വായ്പയുമുണ്ട്. ഇത് ചിന്നക്കനാലിൽ ഭൂമി വാങ്ങാനെന്നാണ് അവകാശപ്പെട്ടത്. എന്നാലും 30.5 കോടിയുടെ സ്വത്ത് ഏങ്ങനെ വാരിക്കൂട്ടി എന്ന് പറയുന്നില്ല.
കുഴൽനാടന്റെ നികുതിവെട്ടിപ്പും അനധികൃത സ്വത്തുസമ്പാദനവും സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആഡംബര കാറുകൾ,
ഭൂമി
മറ്റെവിടെയും ഭൂമിയോ താമസിക്കാൻ സ്ഥലമോ ഇല്ലെന്ന് കാട്ടിയാണ് ചിന്നക്കനാലിലെ സൂര്യനെല്ലിയിൽ 1.21 ഏക്കർ ഭൂമിയും 4000 ചതുരശ്രയടി കെട്ടിടവും കുഴൽനാടൻ വാങ്ങിയത്. ഈ സമയം കുഴൽനാടന് കൊച്ചിയിൽ 2.07 കോടിയുടെ രണ്ട് കെട്ടിടമുണ്ട്. 14 ലക്ഷത്തിന്റെ ഇന്നോവ, 23 ലക്ഷത്തിന്റെ ബെൻസ് ഇ ക്ലാസ് കാർ എന്നിവയുമുണ്ട്. ദുബായ്, ഡൽഹി, ഗുവാഹത്തി, ബംഗളൂരു ഉൾപ്പെടെ ഓഫീസുള്ള ലോ ഫേമിൽ 19.33 കോടിയുടെ ഓഹരിയും.
വീടും കൃഷിയുമില്ല,
റിസോർട്ട്
1961ലെ ലാൻഡ് അസൈൻമെന്റ് നിയമപ്രകാരം കൃഷിക്കോ വീടുവച്ച് താമസിക്കാനോ മാത്രമാണ് ചിന്നക്കനാലിൽ വാങ്ങിയ ഭൂമി ഉപയോഗിക്കാവുന്നത്. കുഴൽനാടൻ സ്വന്തമാക്കിയതുമുതൽ അത് റിസോർട്ടാണ്. ‘എറ്റേണോ കപ്പിത്താൻസ് ഡേൽ’ എന്ന പേരിലാണ് പ്രവർത്തനം. റിസോർട്ടല്ല, ഗസ്റ്റ് ഹൗസാണെന്ന് കുഴൽനാടൻ പറയുമ്പോഴും അവിടെ നടത്തിയ റൂം ബുക്കിങ്ങിന്റെ വിവരം വെബ്സൈറ്റിലുണ്ട്.
സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, എറണാകുളം ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിജിലൻസ് പ്രാഥമികാന്വേഷണം അവസാനഘട്ടത്തിലേക്ക്
വിവാദ ഭൂമിയിടപാടും നികുതിവെട്ടിപ്പും നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ തെളിവുശേഖരണം വേഗത്തിലാക്കി വിജിലൻസ്. മാസങ്ങൾക്കുമുമ്പ് ആരംഭിച്ച പ്രാഥമികാന്വേഷണത്തിൽ ഭൂമി രജിസ്ട്രേഷന്റെയും പണമിടപാടിന്റെയും രേഖകൾ ശേഖരിച്ചു.
മാത്യു കുഴൽനാടൻ നികുതിവെട്ടിപ്പ് നടത്തിയെന്ന വിവരം ലഭ്യമായതിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പ് വിജിലൻസ് പരിശോധന ആരംഭിച്ചിരുന്നു. ക്രമക്കേട് നടന്നിട്ടുണ്ടെന്നതിലേക്കാണ് പ്രാഥമിക തെളിവുകൾ വിരൽചൂണ്ടുന്നത്. കുറഞ്ഞകാലംകൊണ്ട് ഉണ്ടായ വരുമാന വർധനയും അന്വേഷണപരിധിയിലുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് തെറ്റായ വിവരങ്ങൾ നൽകിയതും പരിശോധിക്കും. കൂടുതൽ തെളിവ് സമാഹരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് ആലോചന.
കള്ളം മറയ്ക്കാൻ ‘വെല്ലുവിളി സൂത്രം’
മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെല്ലുവിളിക്കുന്നത് സ്വന്തം കള്ളങ്ങൾ മറയ്ക്കാൻ. ഭൂമി ഇടപാടിലും മറ്റും വമ്പൻ തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോൾ ഇതെല്ലാം സർക്കാരിന്റെ പ്രതികാര നടപടിയെന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം. പുറത്തുവന്ന തെളിവുകൾക്കുപുറമെ, സ്വന്തം പാളയത്തിൽ നിന്നുള്ളവരുടെ ധാർമികമായ ചോദ്യങ്ങൾക്കും കുഴൽനാടൻ ഉത്തരം പറയേണ്ടിവരും. കോടികൾ സമ്പാദിക്കാൻ പാർടി പദവികളും ജനപ്രതിനിധി സ്ഥാനവും ദുരുപയോഗപ്പെടുത്തുന്നുവെന്ന ഗൗരവ ആക്ഷേപമാണുയരുന്നത്. നേരത്തേ പോക്സോ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടുവെന്ന ആക്ഷേപമടക്കം മണ്ഡലത്തിൽ ചർച്ചയായിരുന്നു. നിലവിൽ കോടികളുടെ സ്വത്തുണ്ടായത് എങ്ങനെയെന്ന സംശയമാണ് ജന്മനാടായ കടവൂരിലെ നാട്ടുകാരുന്നയിച്ചത്.
ആരോപണത്തിന് സത്യസന്ധമായി മറുപടി പറയുന്നതിനു പകരം വീണ്ടും വെല്ലുവിളിക്കുകയെന്ന ‘പൂഴിക്കടകന് ’ അധികകാലം നിലനിൽപ്പുണ്ടാകില്ല. സർക്കാരിന്റെ പ്രതികാര നടപടിയെന്ന് വ്യാഖ്യാനിക്കുന്നവർ കാണേണ്ടത് കുഴൽനാടന്റെ സ്വത്തുവിവരം സംബന്ധിച്ച പരിശോധന വിജിലൻസ് നേരത്തേ തുടങ്ങിയിരുന്നുവെന്നതാണ്.
എൽഎ പട്ടയ ഭൂമിയിൽ അനധികൃതമായി റിസോർട്ട് കെട്ടിയത്, ആധാരത്തിൽ കാണിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താത്തത്, തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചത്, എറണാകുളം നഗരത്തിലടക്കം വാരിക്കൂട്ടിയ സ്വത്തുവകകൾ നേടാനുള്ള വരുമാനം എവിടുന്ന് തുടങ്ങി കുഴൽനാടൻ പരസ്യമായി മറുപടി പറയേണ്ട വിഷയങ്ങൾ അനവധിയാണ്.
ബിനാമി ഇടപാടെന്ന്
ഉറപ്പിച്ച് രേഖകൾ
ബിനാമി ഇടപാടിലൂടെയാണ് ചിന്നക്കനാലിൽ കോടിക്കണക്കിന് രൂപയുടെ ഭൂമിയും റിസോർട്ടും കൈക്കലാക്കിയതെന്ന് മാത്യു കുഴൽനാടൻ ഹാജരാക്കിയ രേഖകളിൽനിന്നുതന്നെ വ്യക്തം. മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എന്നിവർ ചേർന്നാണ് ജെന്നിഫർ അൽഫോൺസിൽനിന്ന് ഏഴ് ആർ 59 ചതുരശ്ര മീറ്റർ സ്ഥലം 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്തത്. മാത്യു കുഴൽനാടന് 50 ശതമാനം അവകാശവും മറ്റ് രണ്ടു പേർക്കും 25 ശതമാനം വീതവുമാണ് അവകാശം. എന്നാൽ, വസ്തു വിലയായി ജെന്നിഫർ അൽഫോൺസിന് നൽകിയ 1,92,60,000- രൂപയിൽ 1,91,15,549 രൂപയും കൈമാറിയത് കുഴൽനാടന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ്. മറ്റ് രണ്ടു പേരും പണം കൈമാറിയതായി ഒരു രേഖയുമില്ല. രണ്ടും മൂന്നും കക്ഷികളെ വെറും ബിനാമിയാക്കി കുഴൽനാടൻ സ്വന്തം പേരിൽ ഭൂമിയും റിസോർട്ടും വാങ്ങുകയായിരുന്നു.
തെരഞ്ഞെടുപ്പ്
കമീഷനെയും പറ്റിച്ചു
സത്യവാങ്മൂലത്തിൽ സ്വത്തുക്കളുടെ തെറ്റായ വിവരം നൽകി കുഴൽനാടൻ തെരഞ്ഞെടുപ്പ് കമീഷനെയും പറ്റിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കുഴൽനാടൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചിന്നക്കനാലിൽ സർവേ നമ്പർ 34/1-12-15-2, 34/1-12-15-1 ഉൾപ്പെട്ട ഏഴ് സെന്റ് സ്ഥലം ഉള്ളതായി കാണിച്ചു.
ഈ സമയത്ത് കുഴൽനാടന്റെ പേരിൽ ഈ ഭൂമി ആധാരം ചെയ്തിട്ടില്ലായിരുന്നു. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത് 2021 മെയ് 24നാണ്. തുടർന്ന് എട്ടുമാസത്തിനുശേഷം 2022 ഫെബ്രുവരി ഏഴിനാണ് ആധാരം രജിസ്റ്റർ ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പുതന്നെ ഈ ഭൂമി സ്വന്തമായി ഉണ്ടെന്ന് വരുത്താനും, പിന്നീട് ആർജിച്ചതല്ലെന്ന് സ്ഥാപിക്കാനുമായിരുന്നു ഇത്.