തിരുവനന്തപുരം
രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് വൻവിലക്കയറ്റമാണെന്ന യുഡിഎഫ്, ബിജെപി ആരോപണത്തിന് കണക്കുസഹിതം മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തിന്റെ നില പരിശോധിക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് കേരളം. പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 7.44 ശതമാനമാണ്. കേരളത്തിൽ ഇത് 6.43.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 9.66 ശതമാനവും കർണാടകത്തിൽ 7.85ഉം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 8.13ഉം ഗുജറാത്തിൽ 7.46 ശതമാനവുമാണ്. ഉൽപ്പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവുംമുതൽ ആഗോള സംഘർഷംവരെ വിലക്കയറ്റത്തിനു കാരണമായി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ഈ അവസ്ഥ ബാധിച്ചു. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ രൂക്ഷമായ വിലക്കയറ്റത്തിൽനിന്ന് കേരളത്തെ രക്ഷിച്ചു.
എന്നാൽ, താൽക്കാലികമായ ചില പോരായ്മകളെ പെരുപ്പിച്ചു കാണിക്കാനാണ് ചിലർ ശ്രമിക്കുന്നത്. പൊതുവിതരണ സംവിധാനവും വിപണി ഇടപെടൽ ശൃംഖലയും കാണാൻ കൂട്ടാക്കാതെയാണ് ഇത്. അതിവിപുലമായ ഒരു വിപണി ഇടപെടൽ ശൃംഖലയാണ് സപ്ലൈകോ വഴി പ്രവർത്തിക്കുന്നത്. 1600ൽ അധികം വിൽപ്പനശാല വഴി 13 ഇനം അവശ്യവസ്തുക്കൾ 2016 മെയ് മുതൽ അന്നത്തെ വിലയിൽ ലഭ്യമാക്കുന്നു. ഇവയിൽ ചില ഇനം തീർന്നുപോകുന്നതുമൂലം ഉണ്ടായ സമീപകാല വിവാദങ്ങൾ സാധാരണക്കാരുടെ നിത്യജീവിതത്തെ ഇത് എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണെന്നും അദ്ദേഹം പറഞ്ഞു.