ബുഡാപെസ്റ്റ്
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നാളെമുതൽ ട്രാക്കിലും ഫീൽഡും തീപാറും പോരാട്ടങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച അത്ലീറ്റുകളുടെ വേദിയായ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കംകുറിക്കുകയാണ്. പാരിസ് ഒളിമ്പിക്സിന് ഒരു വർഷംമാത്രം ശേഷിക്കെയാണ് ലോക മീറ്റ്. ചരിത്രംകുറിക്കാൻ ഒരുപിടി താരങ്ങൾ ഇറങ്ങുന്നു. യുസൈൻ ബോൾട്ടിന്റെ റെക്കോഡ് തകർക്കുമെന്ന വിശ്വാസത്തിൽ അമേരിക്കൻ താരം നോഹ ലെയ്ൽസുണ്ട്. വനിതകളിൽ പുതിയ ചാമ്പ്യൻപട്ടത്തിനായി ഷക്കാറി റിച്ചാർഡ്സണും ഷെറീക്ക ജാക്സണും ഇറങ്ങുന്നു. ക്രിസ്റ്റ്യൻ വാർഹോം, ഫെയ്ത് കിപ്യെഗോൺ, ഫെംകെ ബൊൽ, അർമാൻഡ് ഡുപ്ലെന്റിസ് തുടങ്ങി മികച്ച താരനിരയാണ് ഇക്കുറി.
ജമൈക്കയുടെ ഇതിഹാസതാരം ബോൾട്ടിന്റെ റെക്കോഡിലാണ് ഇക്കുറി ശ്രദ്ധ. പുരുഷ ഇരുനൂറിൽ ബോൾട്ട് 14 വർഷംമുമ്പ് കുറിച്ച 19.19 സെക്കൻഡ് എന്ന മാന്ത്രികസമയം ഇന്നും തിളങ്ങിനിൽക്കുന്നുണ്ട്. ബുഡാപെസ്റ്റിൽ ആ സമയത്തിന് വെല്ലുവിളിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. നൂറിൽ 9.58 സെക്കൻഡ് ആണ് ബോൾട്ടിന്റെ സമയം.
ഇരുനൂറിൽ ലെയ്ൽസിന്റെ മികച്ച വ്യക്തിഗത പ്രകടനം 19.31 സെക്കൻഡാണ്. ഈ വർഷത്തെ മികച്ച പ്രകടനം 19.47. വനിതകളുടെ 1500, 5000 മീറ്ററിൽ ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് കെനിയക്കാരി കിപ്യെഗോൺ നടത്തിയത്. 50 ദിവസത്തിനുള്ളിൽ മൂന്ന് ലോക റെക്കോഡിട്ടു. രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനും 1500ൽ ലോക ചാമ്പ്യനുമാണ് കിപ്യെഗോൺ.
400 മീറ്റർ ഹർഡിൽസിലെ നിലവിലെ ലോക റെക്കോഡുകാരൻ ക്രിസ്റ്റ്യൻ വാർഹോമാണ് മറ്റൊരു ശ്രദ്ധേയതാരം. 2002ൽ പരിക്കുകാരണം ട്രാക്കിലിറങ്ങിയില്ല. രണ്ട് വർഷംമുമ്പ് ടോക്യോ ഒളിമ്പിക്സിൽ 45.94 സെക്കൻഡിൽ സ്വർണംനേടി. ഈയിനത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സമയങ്ങളിൽ രണ്ടെണ്ണം ഈ വർഷമാണ് കുറിച്ചത്. കഴിഞ്ഞ പതിപ്പിൽ നോർവെക്കാരൻ ഏഴാംസ്ഥാനത്തായിരുന്നു. വനിതകളിൽ സിഡ്നി മക്ലോഫ്ലിന്റെ അഭാവത്തിൽ ഡച്ചുകാരി ഫെംകി ബൊൽ മികച്ച സമയം കുറിക്കുമെന്നാണ് വിലയിരുത്തൽ.
പോൾവോൾട്ടിൽ സ്വീഡിഷ് സൂപ്പർതാരം ഡുപ്ലെന്റിസ് സ്വന്തം റെക്കോഡ് തിരുത്താനുള്ള ഒരുക്കത്തിലാണ്. പുരുഷ 1500 മീറ്ററിൽ നോർവെയുടെ യാക്കോബ് ഇൻഗെബ്രൈസ്റ്റൺ, ഷോട്പുട്ടിൽ അമേരിക്കയുടെ റ്യാൻ ക്രൗസെർ, വനിതാ ട്രിപ്പിൾജമ്പിൽ വെനസ്വേലയുടെ യൂലിമർ റോജാസ് എന്നിവരും ലോക മീറ്റിന്റെ ശ്രദ്ധേയതാരങ്ങളാണ്.
വനിതകളിൽ നൂറിൽ ആറാംകിരീടം ലക്ഷ്യമിടുന്ന ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർക്ക് നാട്ടുകാരി ഷെറീക്ക ജാക്സണും അമേരിക്കയുടെ ഷക്കാറി റിച്ചാർഡ്സണുമാണ് വെല്ലുവിളി. ഷെറീക്കയ്ക്കാണ് ഈ സീസണിലെ മികച്ച സമയം (10.65). ഷക്കാറിയുടെ സമയം 10.71 ആണ്. ആൻഫ്രേസർ ഈ വർഷം കുറിച്ചത് 10.82 സെക്കൻഡ്.