കരിപ്പൂർ
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാന സർവീസുകൾ താളംതെറ്റി. എട്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. പത്ത് സർവീസുകൾ മണിക്കൂറുകൾ വൈകി. വ്യാഴം പുലർച്ചെ ആറിനും എട്ടിനുമിടയിൽ കരിപ്പൂരിലെത്തിയ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വൈമാനികർക്ക് റൺവേ കാണാൻ പ്രയാസം നേരിട്ടതാണ് കാരണം.
രാവിലെ 6.55ന് കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസിന്റെ ചെന്നൈ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ദുബായിൽനിന്നെത്തിയ ഇൻഡിഗോ വിമാനവും മസ്കത്തിൽനിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനവും കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാം, റിയാദ്, അബുദാബി, മസ്കത്ത് വിമാനങ്ങളും ഇൻഡിഗോ എയർലൈൻസിന്റെ ജിദ്ദ വിമാനവും നെടുമ്പാശേരിയിലേക്കും തിരിച്ചുവിട്ടു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് രണ്ടും മൂന്നും മണിക്കൂറുകൾക്കുശേഷമാണ് ഇവ തിരിച്ചെത്തിയത്.
കരിപ്പൂരിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. രാവിലെ 6.05ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ വിമാനം 8.30നും 7.35ന് പറക്കേണ്ട ഇൻഡിഗോ –-ചെന്നൈ വിമാനം 10.17നുമാണ് പുറപ്പെട്ടത്. 7.55ന് പോകേണ്ട ഇൻഡിഗോ ദമാം വിമാനം 11.24നും 8.30ന് തിരിക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് വിമാനം 9.44നുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത്, ഒമാൻ, ജിദ്ദ, സലാല, അൽ ഐൻ, ദോഹ വിമാനങ്ങളും രണ്ട് മണിക്കൂർ വൈകി.