ഇടുക്കി
മാത്യു കുഴൽനാടൻ എംഎൽഎക്ക് ചിന്നക്കനാലിലുള്ളത് അനധികൃത ആഡംബര റിസോർട്ട് തന്നെ. ഗസ്റ്റ്ഹൗസാണെന്ന് വാർത്താ സമ്മേളനം നടത്തി പറഞ്ഞത് പച്ചക്കള്ളം. ചിന്നക്കനാൽ പാപ്പാത്തിച്ചോല ഷൺമുഖവിലാസം സർവേ നമ്പർ 34/1 ലെ 57 സെന്റ് സ്ഥലത്തെ കെട്ടിടത്തിന് 2014 മുതൽ 17 വരെ അക്കാലത്തെ ഉടമസ്ഥർ ഹോംസ്റ്റേക്കുള്ള നികുതിയാണ് പഞ്ചായത്തിലും വില്ലേജിലും അടച്ചുവന്നത്. കുഴൽനാടൻ വാങ്ങിയ ഉടൻ റിസോർട്ടാക്കി ലൈസൻസ് വാങ്ങി. ഒരുവർഷം മൂന്ന് പ്ലോട്ടിലുള്ള കെട്ടിട നികുതിയായി 45,148 രൂപയും അടച്ചു. റിസോർട്ടാണെന്ന് അപേക്ഷ നൽകി തദ്ദേശസ്ഥാപനങ്ങളിൽനിന്നു അനുമതിയും വാങ്ങി.
റിസോർട്ടിന്റെ പേര് ‘എറ്റേണോ കപ്പിത്താൻസ് ഡേൽ എന്നാണെങ്കിലും ‘കപ്പിത്താൻസ് ബംഗ്ലാവ്’ എന്നാണ് ലൈസൻസ് സർടിഫിക്കറ്റിലുള്ളത്. 2023 മാർച്ച് 31ന് ലൈസൻസ് പുതുക്കി. തൊഴിൽനികുതി ഉൾപ്പെടെ 8500 രൂപയും അടച്ചു. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ചുള്ള ലാൻഡ് അസൈൻമെന്റ്(എൽഎ) പട്ടയമാണുള്ളത്. ഇതിൽ കൃഷി ചെയ്യാനും വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളു. ഇത് ലംഘിച്ചാണ് റിസോർട്ട് നടത്തുന്നത്. ഭൂമി തരംമാറ്റി ഭൂവിനിയോഗ ചട്ടവും ലംഘിച്ചു. ഒരു കെട്ടിടത്തിന് എൻഒസി ലഭിച്ചിട്ടുമില്ല. കെട്ടിടത്തിന് വളരെ പഴക്കമുള്ളതിനാൽ തഹസിൽദാർ നിരാക്ഷേപ പത്ര അപേക്ഷ കലക്ടറേറ്റിലേക്ക് അയക്കുകയായിരുന്നു. കടുത്ത നിയമലംഘനം നടന്നതിനാൽ അപേക്ഷ നിരസിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു.