ന്യൂയോർക്ക്
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനില്‍ ഘടിപ്പിക്കുന്ന പരീക്ഷണം വീണ്ടും വിജയം. ഒരുമാസംമുമ്പ് മസ്തിഷ്കമരണം സംഭവിച്ച പുരുഷനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. 32 ദിവസത്തിനുശേഷം നടത്തിയ പരിശോധനയിലും അവയവം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. വെന്റിലേറ്റർ സഹായത്തോടെയാണ് രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്തിയിരിക്കുന്നത്. ഒരുമാസംകൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കും.
ന്യൂയോർക്കിലെ എൻവൈയു ലാങ്കോൺ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം നടത്തിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്കമരണം സംഭവിച്ച സ്ത്രീയുടെ ശരീരത്തില്‍ ഘടിപ്പിച്ച് രണ്ടുവര്‍ഷം മുമ്പ് ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരീക്ഷണവും വിജയമായിരുന്നു. മൂന്നുദിവസത്തേക്കായിരുന്നു അന്നത്തെ പരീക്ഷണം. അന്യവസ്തുശരീരത്തിനുള്ളില് സ്ഥാപിക്കുമ്പോഴുണ്ടാകുന്ന പ്രതിപ്രവര്‍ത്തനം ഒഴിവാക്കാനാണ് പന്നിവൃക്കയില് ജനിതകമാറ്റം വരുത്തുന്നത്.