മാഡ്രിഡ്
സോഷ്യലിസ്റ്റ് സ്ഥാനാർഥി ഫ്രാൻസിന ആർമെങ്കോയെ സ്പീക്കറായി തെരഞ്ഞെടുത്ത് സ്പാനിഷ് പാർലമെന്റ്. 350 അംഗ അധോസഭയിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 139ന് എതിരെ 178 വോട്ട് ലഭിച്ചു. വീണ്ടും മധ്യ ഇടത് സർക്കാർ രൂപീകരിക്കാമെന്ന ആക്ടിങ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ പ്രതീക്ഷയ്ക്ക് ശക്തിപകരുന്നതാണ് ഈ വിജയം.
ജൂലൈ 23ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സാഞ്ചെസിന്റെ സോഷ്യലിസ്റ്റ് പാർടി, മധ്യ ഇടതു പാർടിയായ സുമർ എന്നിവയും മറ്റ് നാലു ചെറുപാർടിയും ചേർന്ന് 171 സീറ്റ് നേടി.
ഏറ്റവും കൂടുതൽ വോട്ട് നേടിയ പോപ്പുലർ പാർടി, തീവ്ര വലത് നിലപാടുകാരായ വോക്സ് പാർടി എന്നിവയും ഒരു ചെറു പാർടിയുമടങ്ങുന്ന മുന്നണിക്കും 171 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 176 സീറ്റ് വേണം.