മട്ടന്നൂർ
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആരംഭിക്കുന്ന ആദ്യ ചരക്കുവിമാന സർവീസിന്റെ ഫ്ളാഗ് ഓഫ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴം വൈകിട്ട് നാലിന് ഷാർജയിലേക്ക് നടത്താനിരുന്ന സർവീസ് സാങ്കേതിക പ്രശ്നങ്ങൾ കാരണം റദ്ദുചെയ്തതിനാലാണിത്. പ്രശ്നങ്ങൾ പരിഹരിച്ച് വെള്ളി പകൽ 1.30ന് ആദ്യ ചരക്കുവിമാനം കണ്ണൂരിൽനിന്ന് പറക്കും.
കൊച്ചി ആസ്ഥാനമായുള്ള ദ്രവീഡിയൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. കാർഷികോൽപ്പന്നങ്ങൾ, മത്സ്യം, പൂക്കൾ, പരമ്പരാഗത മേഖലയിലെ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് വിദേശവിപണി കണ്ടെത്താനാകും. നിലവിൽ യാത്രാവിമാനങ്ങളിൽ യാത്രികരുടെ ലഗേജുകൾക്കുശേഷമാണ് ചരക്കുനീക്കത്തിന് സ്ഥലം അനുവദിച്ചിരുന്നത്. ചരക്കുവിമാന സർവീസ് പൂർണ സജ്ജമാകുന്നതോടെ കണ്ണൂർ വിമാനത്താവള വികസനത്തിന് വേഗംകൂടും.
കേരളത്തിലാദ്യമായി കണ്ണൂരിലാണ് ചരക്കുവിമാന സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഷാർജയിലേക്കും ദോഹയിലേക്കുമാണ് സർവീസ്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും നടത്തും. സർവീസ് നടത്തുന്നതിനുള്ള സമ്മതപത്രം വിമാനത്താവളത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. കെ കെ ശൈലജ എംഎൽഎ, പി സന്തോഷ്കുമാർ എംപി, കിയാൽ എംഡി ദിനേശ്കുമാർ, ദ്രവീഡിയൻ ഏവിയേഷൻ എംഡി ഉമേഷ് കമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു.