മൂന്നാർ> തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ ഓണാവധി ആഘോഷിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് മനംനിറയെ കാഴ്ചകൾ ആസ്വദിക്കാം. ഗ്രീൻ ടീ, കാപ്പിത്തോട്ടങ്ങൾ, രാജ്യാന്തര നിലവരത്തിലുള്ള പാത, അരുവികൾ, തേയില മ്യൂസിയങ്ങൾ തുടങ്ങിയവ മൂന്നാറിനെ വേറിട്ടതാക്കുന്നു. പച്ചപ്പട്ട് വിരിച്ച തേയിലത്തോട്ടങ്ങൾ സഞ്ചാരികളുടെ മനംകവരും. സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് മൂന്നാറിലെ മനോഹരമായ പർവതനിരകളും റോഡുകളും അനുഭവങ്ങൾ സമ്മാനിക്കും.
ഉന്നതങ്ങളിൽ
കൊളുക്കുമല
മൂന്നാറിന് സമീപമുള്ള മനോഹരമായ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കൊളുക്കുമല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടവും ഇവിടെയാണ്. സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരമുള്ള ഈ തേയിലത്തോട്ടം ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയിൽതന്നെ ഏറ്റവും മികച്ച തേയിലയാണ് കൊളുക്കുമലയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് തേയിലതോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ട്. മൂന്നാറിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ ഏറ്റവും കൂടുതലായി എത്തുന്നത് ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായുള്ള രാജമലയിലാണ്.
അപൂർവ ചാരുതയിൽ
ഇരവികുളം
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ഇരവികുളം. ഈ പാർക്കിനെ മൂന്ന് മേഖലകളായിതിരിച്ചിട്ടുണ്ട്.വിനോദസഞ്ചാര പ്രദേശത്ത് മാത്രമേ സഞ്ചാരികളെ അനുവദിക്കു. വനം വകുപ്പിന്റെ വാഹനത്തിൽ കയറി ഇവിടം ചുറ്റിക്കാണാം. മൂന്നാർ–- ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ അഞ്ചാംമൈലിൽ എത്തുന്ന സഞ്ചാരികൾക്ക് മലമുകളിൽ എത്താൻ ബഗ്ഗി കാറും ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് വനം വകുപ്പ് ഒരുക്കിയിട്ടുള്ള ഓർക്കിഡ് മ്യൂസിയം മനോഹര കാഴ്ചയാണ്. നീലഗിരിതാർ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വരയാടുകളെ ധാരാളമായി ഇവിടെ കാണാം.
നീലഗിരി മാർട്ടിൻ, മങ്ങിയ വരയുള്ള മലയണ്ണാൻ, ചെറിയ- നഖമുള്ള ഒട്ടർ, റൂഡി മംഗൂസ്, പുള്ളിപ്പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ അപൂർവ ജന്തുജാലങ്ങളും ഈ പരിസ്ഥിതിക്കിണങ്ങി ജീവിക്കുന്ന നൂറിലധികം ചിത്രശലഭങ്ങളുമുണ്ട്. അപൂർവയിനം പക്ഷികളുമുണ്ട്, ഇവയുടെ ചിത്രം പകർത്തുന്നതിനും പഠനം നടത്തുന്നതിനും പക്ഷിശാസ്ത്രജ്ഞന്മാർ എത്താറുണ്ട്. 12 വർഷത്തിലൊരിക്കൽ മാത്രംപൂക്കുന്ന നീലക്കുറിഞ്ഞി രാജമലയിലെ പ്രത്യേകതയാണ്. 2018 ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സന്ദർശകരാണ് നീലവസന്തം കാണാനെത്തിയത്.