അബുദാബി > സായിദ് സുസ്ഥിരത പ്രൈസും, പങ്കാളികളും ചേർന്ന് നടത്തുന്ന മാനുഷിക സംരംഭമായ ബിയോണ്ട് 2020 എത്യോപ്യയിലെ ദിരാഷെ ജില്ലയിലെ വലെസ്സ, ഹോൾട്ടെ, ഗാറ്റോ എന്നീ ഗ്രാമങ്ങളിലെ 9,000 പേർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി.സോളാർ പമ്പുകളുള്ള ആറ് ആഴം കുറഞ്ഞ കിണറുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
എത്യോപ്യയിൽ ബിയോണ്ട് 2020 വിന്യാസം നടപ്പിലാക്കിയത് സായിദ് സസ്റ്റൈനബിലിറ്റി പ്രൈസ് ഫൈനലിസ്റ്റ് സോളാർകിയോസ്ക് സൊല്യൂഷൻസ് എന്ന ജർമ്മൻ ആസ്ഥാനമായുള്ള കമ്പനിയാണ്. സുരക്ഷിതമായ ജലം ലഭ്യമാക്കുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും സായിദ് സസ്റ്റൈനബിലിറ്റി പ്രൈസിന്റെ ഡയറക്ടർ ജനറലും കോപ്28 നിയുക്ത പ്രസിഡന്റുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
ദിരാഷെ ജില്ലയിലെ ജനങ്ങൾ പ്രധാനമായും കർഷകരാണ്. പരിമിതമായ ജലസ്രോതസ്സുകൾ വർദ്ധിച്ചുവരുന്ന ജനസംഖ്യ, ജലസേചനത്തിനുള്ള ആവശ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഇവിടങ്ങളിലെ ശുദ്ധ ജല ദൗർലഭ്യം വർധിപ്പിക്കുന്നു. മഴയിൽ നിന്നും സമീപത്തെ തുറന്ന നദികളിൽ നിന്നും ശേഖരിക്കുന്ന ഉപരിതല ജലം ഉൾപ്പെടെ, ഗ്രാമങ്ങൾ സുരക്ഷിതമല്ലാത്ത ജലസ്രോതസ്സുകളെ ആശ്രയിക്കുന്നത് ഉയർന്ന തോതിലുള്ള ജലജന്യ രോഗങ്ങളിലേക്ക് നയിക്കുന്നു.
ജലക്ഷാമം പരിഹരിക്കുന്നതിനായി, 2014-ൽ നിരവധി ആഴം കുറഞ്ഞ ഹാൻഡ്-പമ്പ് കിണറുകൾ കുഴിച്ചിരുന്നെകിലും, ഇവ പിന്നീട് പ്രവർത്തനരഹിതമാക്കുകയായിരുന്നു. പുതിയ പദ്ധതിയിലൂടെ ദിവസവും 20,000-25,000 ലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന സോളാർ പമ്പുകൾ ഉപയോഗിച്ച് ഈ കിണറുകൾ പുനഃക്രമീകരിച്ചു.
ശുദ്ധജല സ്രോതസ്സ് സ്ഥാപിക്കുന്നതിനെ പിന്തുണച്ചതിന് ബിയോണ്ട്2020 സംരംഭത്തിനും, പങ്കാളികൾക്കും യുഎഇ സർക്കാരിനും എത്യോപ്യയിലെ ജല-ഊർജ്ജ മന്ത്രാലയത്തിന്റെ മന്ത്രി ഹബ്താമു ഇറ്റെഫ ഗെലെറ്റ, നന്ദി അറിയിച്ചു. സ്ത്രീകളും കുട്ടികളും, ഓരോ ദിവസവും അയൽ ജലസ്രോതസ്സുകളിൽ നിന്ന് വെള്ളം ശേഖരിക്കാൻ മണിക്കൂറുകളോളം നടത്തുന്ന യാത്രയുടെ ഭാരം ഈ സംരംഭം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















