ഡബ്ലിൻ
ഏഷ്യാകപ്പും ഏകദിന ക്രിക്കറ്റ് ലോകകപ്പും അടുത്തുനിൽക്കെ ഇന്ത്യൻ യുവതാരങ്ങൾക്ക് മറ്റൊരു അവസരംകൂടി. അയർലൻഡിനെതിരായ മൂന്നുമത്സര ട്വന്റി20 പരമ്പരയ്ക്ക് നാളെ ഡബ്ലിനിൽ തുടക്കമാകും. പരിക്കുമാറിയെത്തിയ പേസർ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് താരങ്ങളും പരമ്പരയിലുണ്ട്.
വെസ്റ്റിൻഡീസ് പര്യടനത്തിലുണ്ടായിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, തിലക് വർമ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, രവി ബിഷ്ണോയ് എന്നിവരും അയർലൻഡിലുമെത്തി. പരമ്പരയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കിയ വിക്കറ്റ് കീപ്പർ സഞ്ജുവിന് ജിതേഷ് ശർമയാണ് വെല്ലുവിളി. വിൻഡീസിൽ മൂന്ന് കളിയിൽ ഇറങ്ങിയ സഞ്ജുവിന്റെ സ്കോർ 12, 7, 13 എന്നിങ്ങനെയായിരുന്നു. പകരം ജിതേഷിനെ കളിപ്പിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി അഞ്ച്, ആറ് നമ്പറിലാണ് ഇരുപത്തൊമ്പതുകാരൻ ബാറ്റ് ചെയ്യാനിറങ്ങുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാണ്.
ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ സാധ്യത മങ്ങിയിരിക്കുകയാണ്. ലോകേഷ് രാഹുൽ കളിക്കുന്നില്ലെങ്കിൽമാത്രം സഞ്ജു രണ്ടാംവിക്കറ്റ് കീപ്പറായി ഇടംപിടിച്ചേക്കും. അയർലൻഡിൽ ഋതുരാജ് ഗെയ്ക്ക്വാദും ജയ്സ്വാളുമായിരിക്കും ഇന്ത്യക്കുവേണ്ടി ഇന്നിങ്സ് ആരംഭിക്കുക. സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ മൂന്നാംനമ്പറിൽ ചിലപ്പോൾ സഞ്ജുവിന് അവസരം കിട്ടിയേക്കും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി മൂന്നാംനമ്പറിലാണ് കളിക്കാറുള്ളത്. ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെയാണ് മറ്റൊരു ബാറ്റർ. റിങ്കു സിങ്ങും അവസരം കാത്തുനിൽപ്പുണ്ട്.
ബുമ്രയ്ക്ക് ഏഷ്യാകപ്പിനുമുമ്പ് മികവ് തെളിയിക്കാനുള്ള അവസരമാണ്. പരിക്കുകാരണം ഏറെനാളായി പുറത്തായിരുന്നു. ബുമ്രയ്ക്കൊപ്പം മറ്റൊരു പേസർ പ്രസിദ്ധ് കൃഷ്ണയും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് കളി. രണ്ടാംമത്സരം 20നും മൂന്നാമത്തേത് 23നും നടക്കും.