തിരുവനന്തപുരം
പി കൃഷ്ണപിള്ളയുടെ എഴുപത്തിയഞ്ചാം ചരമവാർഷികം ശനിയാഴ്ച ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പാർടി പതാക ഉയർത്തുകയും ഓഫീസുകൾ അലങ്കരിക്കുകയും ചെയ്യും. 1937ൽ കോഴിക്കോട്ട് രൂപീകരിച്ച കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. കയർ, കോട്ടൺമിൽ, ബീഡി–നെയ്ത്ത് തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ചതിൽ കൃഷ്ണപിള്ളയ്ക്ക് നേതൃപരമായ പങ്കുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയുമാണ്.
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ. മണിപ്പുർ മൂന്നുമാസത്തിലധികമായി കത്തിയെരിയുകയാണ്. ഹരിയാനയിലെ നൂഹിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ആസൂത്രിത കലാപം നടന്നു. വർഗീയ ധ്രുവീകരണത്തിലൂടെ പൗരന്മാരെ തമ്മിലടിപ്പിക്കാൻ കേന്ദ്രം ഒത്താശ ചെയ്യുന്നു. എതിർശബ്ദങ്ങൾ അടിച്ചമർത്തി ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യം ഇല്ലാതാക്കുന്നു. ഇതരസർക്കാരുകളെ പണമെറിഞ്ഞ് വീഴ്ത്തിയും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തിയും രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് കൊണ്ടുപോകുന്നു.
വർഗീയ ഭരണത്തിന് അറുതിവരുത്താനുള്ള പോരാട്ടത്തിന് കൃഷ്ണപിള്ളയുടെ സ്മരണ ഊർജമേകും. കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ സ്വപ്നംകണ്ട കേരളം യാഥാർഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടു കുതിക്കുന്ന സർക്കാരിനെ കടന്നാക്രമിക്കാനാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിക്കുന്നത്. ഇത്തരം വെല്ലുവിളികളെ നേരിടാൻ കൃഷ്ണപിള്ളയുടെ സ്മരണ കരുത്തുപകരും. മറ്റൊരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിലാണ് കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ബഹുജനങ്ങൾ തയ്യാറെടുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.