സിഡ്നി
ഓസ്ട്രേലിയയുടെ കണ്ണീർ വീഴ്ത്തി ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് സ്പെയ്നിനെ നേരിടും. ശനിയാഴ്ച മൂന്നാംസ്ഥാനത്തിനായി ഓസ്ട്രേലിയയും സ്വീഡനും ഏറ്റുമുട്ടും. ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.
സിഡ്നിയിൽ തടിച്ചുകൂടിയ 76,000 കാണികൾക്കുമുന്നിലാണ് ആതിഥേയരായ ഓസ്ട്രേലിയയെ ഇംഗ്ലണ്ട് മടക്കിയത്. 3–-1നായിരുന്നു സറീന വീഗ്മാൻ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് സംഘത്തിന്റെ ജയം. ഇല്ല ടൂണെ, ലോറെൻ ഹെമ്പ്, അലെസിയ റൂസോ എന്നിവർ ഇംഗ്ലണ്ടിനായി ഗോളടിച്ചു.
സൂപ്പർതാരം സാം കെറാണ് ആതിഥേയർക്കായി ഒന്ന് മടക്കിയത്. സിഡ്നി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ സ്വന്തം കാണികൾക്കുമുന്നിൽ നല്ല പോരാട്ടം പുറത്തെടുത്തു. പരിക്കുകാരണം ആദ്യ മത്സരങ്ങളിൽ പൂർണമായും കളിക്കാതിരുന്ന കെർ ഇംഗ്ലണ്ടിനെതിരെ തുടക്കംമുതൽ കളത്തിലുണ്ടായി.
സിഡ്നിയെ നിശ്ശബ്ദമാക്കി ഇംഗ്ലണ്ടാണ് തുടങ്ങിയത്. പ്രതിരോധം ശക്തമാക്കി കെറിനെ തടഞ്ഞ അവർ കൃത്യമായ നീക്കങ്ങളിലൂടെ കളംപിടിച്ചു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ലീഡ്. ബോക്സിന്റെ ഇടതുവശത്തുനിന്ന് റൂസോയുടെ തകർപ്പൻ നീക്കം ടൂണെ പിടിച്ചെടുത്തു. ഉയർത്തിയടിച്ച പന്ത് ഓസ്ട്രേലിയൻ ഗോൾകീപ്പർ മക്കെൻസീ ആർണോൾഡിന് എത്തിപ്പിടിക്കാനായില്ല.
ഇംഗ്ലണ്ട് നിയന്ത്രണം നേടിയെന്ന് തോന്നിയ ഘട്ടത്തിലായിരുന്നു സാം കെറിന്റെ ഒന്നാന്തരം ഗോളിൽ ഓസ്ട്രേലിയ തിരിച്ചുവന്നത്. ഇംഗ്ലണ്ട് പ്രതിരോധത്തെ പൂർണമായും കീഴടക്കി മുന്നേറിയ കെർ മിന്നുന്നൊരു ഷോട്ടിലൂടെ ഗോൾകീപ്പർ മേരി ഇയർപ്സിനെ കീഴടക്കി.
പക്ഷെ, ആ ഗോളിൽ പിടിച്ചുനിൽക്കാനായില്ല ഓസ്ട്രേലിയക്ക്. എട്ട് മിനിറ്റിനുള്ളിൽ അവർ ലീഡ് വഴങ്ങി. ഇക്കുറി ഹെമ്പ് ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടു. ഇംഗ്ലണ്ട് പ്രതിരോധ മേഖലയിൽനിന്നുള്ള ലോങ് ക്രോസ് തടയുന്നതിൽ ഓസ്ട്രേലിയക്ക് പറ്റിയ പിഴവ് ഹെമ്പ് മുതലാക്കുകയായിരുന്നു. ഇതിനിടെ തിരിച്ചടിക്കാൻ രണ്ടുതവണ ആതിഥേയർക്ക് അവസരം കിട്ടി. ഒരുതവണ കെറിന്റെ ഹെഡർ ബാറിനുമുകളിലൂടെ പുറത്തുപോയി. പിന്നാലെ കോർണറിൽനിന്ന് കൃത്യമായി കിട്ടിയ അവസരവും പുറത്തേക്കടിച്ച് കളഞ്ഞു.
കളിയുടെ അവസാനഘട്ടത്തിൽ സമനിലയ്ക്കായി ഓസ്ട്രേലിയ ആഞ്ഞുശ്രമിക്കുന്നതിനിടെയായിരുന്നു റൂസോയുടെ അടിയിൽ ഇംഗ്ലണ്ട് ജയമുറപ്പിച്ചത്.സറീന വീഗ്മാന്റെ തുടർച്ചയായ രണ്ടാംഫൈനലാണിത്. കഴിഞ്ഞ ലോകകപ്പിൽ നെതർലൻഡ്സിനെയും വീഗ്മാൻ ഫൈനലിലെത്തിച്ചിരുന്നു. സ്വീഡനെ തോൽപ്പിച്ചാണ് സ്പെയ്ൻ ഫൈനലിൽ കടന്നത്. സ്പെയ്നിന്റെയും ആദ്യ ഫൈനലാണിത്.