കോഴിക്കോട്
ബിജെപി നേതാക്കളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയതിൽ വിവാദം. ബംഗളൂരു ആസ്ഥാനമായ വൻകിട സ്ഥാപനത്തിനാണ് നേതാക്കളെ വാർത്തെടുക്കാനുള്ള ചുമതല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ പ്രചാരണമടക്കം കൈമാറിയിട്ടുള്ള ഏജൻസിയാണ് നേതാക്കളെ പഠിപ്പിക്കാൻ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പിആർ ഏജൻസിയുടെ പ്രതിനിധികൾ ക്ലാസെടുത്തു.
ഇതേച്ചൊല്ലി പാർടിയിൽ ആരോപണവും വിവാദവും ഉയർന്നു. സംസ്ഥാന ചുമതലയുള്ള ദേശീയ നേതാവിനും സംസ്ഥാനത്തെ ഉന്നതനും പങ്കാളിത്തമുള്ളതാണ് പിആർ ഏജൻസിയെന്നാണ് ആരോപണം. ഫണ്ട് തട്ടാനുള്ള നീക്കമാണിതെന്ന് ഒരുവിഭാഗം പറയുന്നു. തെരഞ്ഞെടുപ്പിനുള്ള പോസ്റ്റർ, നോട്ടീസ്, ബാനർ, സമൂഹമാധ്യമ പ്രചാരണം ഇതെല്ലാം ഈ ഏജൻസി വഴിയാകും. കൊടകര കുഴൽപ്പണ ഇടപാടിൽ പണം കൊണ്ടുവന്നത് ഇവരുടെ വാഹനത്തിലായിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ സാന്നിധ്യത്തിലായിരുന്നു കോർകമ്മിറ്റിയിൽ പിആർ ഏജൻസിക്കാരുടെ ക്ലാസ്. നേതാക്കൾ എങ്ങനെ പെരുമാറണം, വാർത്താസമ്മേളനങ്ങളിലും മാധ്യമങ്ങളോടും ഇടപെടേണ്ടതെങ്ങനെ, സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്നീ കാര്യങ്ങളിലായിരുന്നു ഉപദേശങ്ങൾ.