കൊച്ചി
മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച വീഡിയോദൃശ്യങ്ങൾ പുറത്തിറക്കിയത് അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സാമൂഹികവും ശാരീരികവുമായ പ്രതിസന്ധികൾ അതിജീവിച്ച അധ്യാപകനാണത്. അദ്ദേഹത്തെ ക്ലാസെടുത്തുകൊണ്ടിരിക്കെ പരിഹസിക്കുന്ന ദൃശ്യങ്ങൾകണ്ട് മനസ്സുലഞ്ഞുപോയെന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു.
അപമാനിക്കുക മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നു. ഇൻക്ലൂസീവ് എഡ്യുക്കേഷനെക്കുറിച്ച് ചർച്ച നടക്കുന്ന കാലത്ത് രാഷ്ട്രീയം ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നില്ല. ഒരധ്യാപകനെ അവഹേളിക്കാൻ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് നേതൃത്വം നൽകുന്നുവെന്നതും ഞെട്ടലുളവാക്കുന്നു. മഹാരാജാസിലെ വിദ്യാർഥി സംഘടനകൾക്കാകെ അപമാനം വരുത്തിവച്ച മുഹമ്മദ് ഫാസിലിനെതിരെ കെഎസ്യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണം. മഹാരാജാസിലെ വിദ്യാർഥിയെന്നനിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.
മഹാരാജാസ് കോളേജിൽനിന്ന് പുറത്തുവന്ന വീഡിയോദൃശ്യവും വാർത്തയും ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് എകെജിസിടി വാർത്താകുറിപ്പിൽ അറിയിച്ചു. കാഴ്ചപരിമിതിയുള്ള അധ്യാപകനെ പരിഹസിക്കുന്ന ദൃശ്യങ്ങൾ വേദനിപ്പിക്കുന്നതാണ്. ആ അധ്യാപകന് താങ്ങായി നിൽക്കേണ്ടവർ കാണിച്ച അധാർമികത പ്രബുദ്ധകേരളം തള്ളിക്കളയും. ഇത്തരം പ്രവൃത്തികൾക്കെതിരെ മാതൃകാപരമായ നടപടികൾ അധികൃതർ സ്വീകരിക്കണം. അധ്യാപകന് എല്ലാ പിന്തുണയും നൽകുമെന്നും എകെജിസിടി ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദ് റഫീഖ് വാർത്താകുറിപ്പിൽ പറഞ്ഞു.