ന്യൂഡൽഹി
നീതി നടപ്പാക്കുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ ശക്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഏകപക്ഷീയമായ അറസ്റ്റ്, ഭീഷണിപ്പെടുത്തിയുള്ള പൊളിക്കൽ, നിയമവിരുദ്ധമായ സ്വത്തുക്കൾ കണ്ടുകെട്ടൽ എന്നിവയുണ്ടായാൽ കോടതിയിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നതാണ് വ്യക്തികളുടെ ആത്മവിശ്വാസം. ഡൽഹിയിൽ അഭിഭാഷകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങിൽ കേന്ദ്ര നിയമമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കടന്നാക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പരോക്ഷമായി ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
ജഡ്ജിമാർക്കുമേൽ രാഷ്ട്രീയസമ്മർദം സ്വാധീനം ചെലുത്താതിരുന്നാൽ മാത്രമേ അവരുടെ നടപടികളിൽ പൊതുജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാകുകയുള്ളൂവെന്ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയദിനപത്രത്തിൽ എഴുതിയ ലേഖനത്തിലും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഭരണഘടന കോടതികൾക്ക് വലിയ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്. വ്യക്തികളെയും സംഘടനകളെയും അനീതികളിൽനിന്നും ഏകപക്ഷീയമായ നടപടികളിൽനിന്നും സംരക്ഷിക്കാനുള്ള ദൗത്യമാണ് കോടതികൾക്ക് നിറവേറ്റാനുള്ളത്. ഭരണസംവിധാനങ്ങൾ വ്യക്തികൾക്കുമേൽ അതിന്റെ ബലം പ്രയോഗിക്കുമ്പോൾ അവർ നീതിക്കായി കോടതികളുടെ വാതിലുകൾ മുട്ടുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ സമ്മർദങ്ങളാൽ സ്വാധീനിക്കപ്പെടാതിരുന്നാൽ മാത്രമേ ജഡ്ജിമാർക്ക് പൊതുവിശ്വാസം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.