ബൊഗോട്ട
ആമസോൺ കാട്ടിൽ വിമാനം തകർന്നു വീണ് 40 ദിവസത്തിനുശേഷം രക്ഷപ്പെട്ട കുട്ടികളിൽ മൂത്ത സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടികളുടെ അമ്മ മഗ്ദലീന വലൻസിയയുടെ രണ്ടാം ഭർത്താവ് മാനുവൽ റനോക്കിനെയാണ് കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി വിട്ടശേഷം ചികിത്സയിലായിരുന്ന കുട്ടികൾ കൗൺസലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുപറയുന്നത്. പെൺകുട്ടിയെ 10 വയസ്സുമുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. റനോക്ക് കുറ്റം സമ്മതിച്ചിട്ടില്ല. മഗ്ദലീന ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട കുട്ടികളെ നീണ്ട തിരച്ചിലിനൊടുവിൽ ജൂണിലാണ് സൈന്യം കണ്ടെത്തിയത്. ഒമ്പതും നാലും ഒന്നും വയസ്സുള്ള സഹോദരങ്ങൾക്കൊപ്പം കാട്ടിൽ അലഞ്ഞുതിരിയുകയായിരുന്നു പെൺകുട്ടി. ഇളയ രണ്ട് കുട്ടികളുടെ അച്ഛനാണ് മാനുവൽ റനോക്ക്.
കാട്ടിൽനിന്ന് തിരിച്ചെത്തിയശേഷം കുട്ടികളുടെ അവകാശത്തിനായി അമ്മയുടെ കുടുംബക്കാരുമായി നിയമയുദ്ധം നടത്തിവരവേയാണ് അറസ്റ്റ്. റനോക്ക് കുട്ടികളെ ഉപദ്രവിക്കുമെന്ന് മഗ്ദലീനയുടെ കുടുംബം പരാതിപ്പെട്ടതിനെത്തുടർന്ന്, കൊളംബിയൻ ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ഇവിടെയുള്ള അധികൃതരാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.