കുവൈത്ത് സിറ്റി > മുനിസിപ്പല്‍ മാലിന്യ സംസ്കരണത്തിനും പൊതുശുചിത്വ നിയന്ത്രണത്തിനും അംഗീകാരം നല്കി മുനിസിപ്പല്‍ -കമ്മ്യൂണിക്കേഷന്‍സ് കാര്യസഹമന്ത്രിയായ ഫഹദ് അല്‍ ഷൂല മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലിന്റെ തീരുമാനം അനുസരിച്ച് പൊതു ബീച്ചുകളില്‍ ബാര്‍ബിക്യൂ ഉണ്ടാക്കുന്നത് അനുവദനീയമാണ് എന്നതാണ് പുതിയ നിയന്ത്രണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
നടപ്പാതകള്‍, തെരുവുകള്‍, റോഡുകള്‍, സ്ക്വയറുകള്‍, പൊതുസ്ഥലങ്ങള്‍, പൊതു സൗകര്യങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതു പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ഉണ്ടാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. നടപ്പാതകളിലോ പൊതുവഴികളിലോ അവയ്ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളുന്നത് നിരോധിച്ചിട്ടുണ്ടെന്നും പുതിയ തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ബോട്ടുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള പ്രചാരണം ആരംഭിച്ചതായും നിരവധി വാഹനങ്ങളും ബോട്ടുകളും നീക്കം ചെയ്തതായും, വാഹനങ്ങളും ബോട്ടുകളും നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ ഉപേക്ഷിക്കുന്നത് നിയമനടപടി നേരിടേണ്ടിവരുമെന്നും നഗരസഭ അറിയിച്ചു.