ന്യൂഡൽഹി> മണിപ്പുരില്‍ അടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹിംസാത്മകമായ അക്രമങ്ങള്‍ അരങ്ങേറിയെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമുണ്ടെന്നും പ്രധാനമന്ത്രി മോദി.സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി മണിപ്പുരിനെക്കുറിച്ച് പരാമർശിച്ചത്. മണിപ്പുരിൽ അക്രമ സംഭവങ്ങളുണ്ടായെന്നും സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായെന്നും, നിരവധി പേർ കൊല്ലപ്പെട്ടെന്നും മോദി പറഞ്ഞു.
‘രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്ക്കുന്നു. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്’, മോദി പറഞ്ഞു.
അതേസമയം, ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം ഇവ മൂന്നും ചേര്‍ന്ന് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ സംഭാവനകള്‍ നല്കിയ എല്ലാ ധീരഹൃദയര്‍ക്കും ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് ആര്‍ക്കും അവസരങ്ങള്‍ക്ക് കുറവില്ല. ആഗ്രഹിക്കുന്നവര്‍ക്ക് ആകാശത്തോളം അവസരം രാജ്യം നല്‍കും. ചേരിയില്‍ നിന്ന് ഉയര്‍ന്നുവന്ന താരങ്ങള്‍ കായികരംഗത്തെ ശോഭനമാക്കുന്നു. രാജ്യം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്ന തൊഴിലാളികള്‍ക്ക് അഭിനന്ദനം. കാര്‍ഷിക രംഗത്ത് ഇന്ത്യ മുന്നേറുകയാണെന്നും മോദി പറഞ്ഞു.