തിരുവനന്തപുരം
സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒരുമിച്ച് നിവേദനം നൽകാനുള്ള നീക്കത്തിന് തുരങ്കംവച്ച് യുഡിഎഫ്. അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ ഒന്നിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറിയത് അവസാന നിമിഷം.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച കേരളത്തിലെ എംപിമാരുടെ യോഗത്തിൽ, കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നതിനെതിരെ ധനമന്ത്രിക്ക് നിവേദനം നൽകാൻ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. എന്നാൽ, നിവേദനവുമായി ധനമന്ത്രിയെ കാണാൻ പോകുന്നതിൽനിന്ന് യുഡിഎഫ് എംപിമാർ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. എളമരം കരീമിന്റെ നേതൃത്വത്തിൽ ഇടത് എംപിമാർ മാത്രമാണ് ധനമന്ത്രിയെ കണ്ടത്. ഓണത്തിനുമുമ്പ് കേരളത്തിന് നൽകാനുള്ള കുടിശ്ശികകളും സഹായങ്ങളും അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പാർലമെന്റിൽ ഉന്നയിക്കാൻപോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. കേരളത്തെ അപമാനിക്കാൻ ലഭിക്കുന്ന സന്ദർഭങ്ങൾ ഒഴിവാക്കിയതുമില്ല. ആലുവയിൽ ബാലികയെ കൊലപ്പെടുത്തിയ വിവരം സഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് ബെന്നി ബഹനാനാണ്. കേരള ജനതയോട് ഒരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടാണ് യുഡിഎഫ് എംപിമാരുടേത്.