തിരുവനന്തപുരം
സത്യത്തിന് പകരം നിശ്ശബ്ദത പാലിച്ചാൽ അത് കുറ്റവും നുണയുമാകുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ഇങ്ങനെയൊരു നിശ്ശബ്ദതയാണ് പ്രധാനമന്ത്രി പാലിച്ചത്. ഇന്ന് ഇന്ത്യയിലൊരു മാധ്യമപ്രവർത്തകനാകുകയെന്നത് ധീരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി മാധ്യമരംഗത്തെ സാങ്കേതിക മാറ്റങ്ങളും സ്വാതന്ത്ര്യവും എന്ന വിഷയത്തിലെ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ മുന്നേറ്റം മാധ്യമങ്ങളെ അധികാരശ്രേണിയിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ശശികുമാർ പറഞ്ഞു. മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന് അപ്പുറം ഓൺലൈൻ, പോർട്ടൽ, ബ്ലോഗ് എന്നിങ്ങനെ പലമേഖലകളിലെത്തി. വർത്തമാനകാല മാധ്യമപ്രവർത്തനം, നവമാധ്യമ പ്രവർത്തനം എന്നായി തരംതിരിക്കപ്പെട്ടു. പക്ഷേ, പുതുതായി ഒന്നുമുണ്ടായിട്ടില്ല. കൃത്യമായിചിന്തിക്കുക പോലുമില്ലാതെ ഒരേ വിവരം പലയിടങ്ങളിൽ പ്രചരിപ്പിക്കുക മാത്രമാണ്. ഇതോടെ വാർത്തകളുടെ സ്ഥിരീകരണം മാധ്യമപ്രവർത്തനത്തിന്റെ പ്രധാനഘടകമായെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കാരവാൻ മുൻ എഡിറ്റർ വിനോദ് കെ ജോസ്, കൈരളി ടിവി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി ആർ കിരൺബാബു, കേസരി മെമ്മോറിയൽ ജേർണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി അനുപമ ജി നായർ എന്നിവർ പങ്കെടുത്തു.
അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ “ദി സൈലന്റ് കൂ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ “നിശ്ശബ്ദ അട്ടിമറി’ ശശികുമാർ പ്രകാശിപ്പിച്ചു. ദ ടെലിഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ ആദ്യപ്രതി ഏറ്റുവാങ്ങി. ശ്രീജിത്ത് ദിവാകരൻ പുസ്തകം പരിചയപ്പെടുത്തി.