കൊച്ചി
ആകാശവാണിയുടെ ജനപ്രിയ റേഡിയോ റെയിൻബോ കൊച്ചി എഫ്എം ‘വിവിധ് ഭാരതി’ എന്നാക്കിയതിനുപിന്നാലെ ഹിന്ദി പരിപാടികളുടെ റിലേ സ്റ്റേഷനാക്കാൻ നീക്കം.
മലയാളം പരിപാടികൾ ഘട്ടംഘട്ടമായി കുറച്ച് കൂടുതൽ സമയം ഡൽഹിയിൽനിന്ന് വിവിധ് ഭാരതി, എഫ്എം ഗോൾഡ് എന്നീ റേഡിയോ ചാനലുകളുടെ ഹിന്ദി പരിപാടികൾ റിലേ ചെയ്യാനാണ് നിർദേശം. ആദ്യഘട്ടമായി ഇപ്പോഴുള്ള 16 മണിക്കൂർ പ്രക്ഷേപണം 24 മണിക്കൂറാക്കി ബാക്കിസമയം ‘വിവിധ് ഭാരതി’ ഹിന്ദി പരിപാടികൾ റിലേ ചെയ്യും. തുടർന്ന് ഘട്ടമായി മലയാളം പരിപാടികൾ പേരിനുമാത്രമാക്കാനുമാണ് നീക്കം. ഒന്നോ രണ്ടോ മണിക്കൂർ പ്രക്ഷേപണം ചെയ്യുന്ന മലയാളം പരിപാടികൾ ഡൽഹി ഹിന്ദി പരിപാടികളുടെ പരിഭാഷയായിരിക്കും.
പുതിയ തീരുമാനം നടപ്പാക്കുന്നതിനുമുന്നോടിയായി, യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകി ഇവിടെ തയ്യാറാക്കുന്ന മലയാള വിനോദ, വിജ്ഞാന പരിപാടികൾ കുറച്ചുകൊണ്ടുവരാനാണ് ഡൽഹിയിൽനിന്നുള്ള നിർദേശം. ഇതോടെ, പ്രാദേശിക ഭാഷാവൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ ആകർഷിക്കാനും ആരംഭിച്ച റെയിൻബോ റേഡിയോ ചാനൽ എന്ന സങ്കൽപ്പംതന്നെ ഇല്ലാതാകും. റിലേ സ്റ്റേഷനാക്കിമാറ്റിയാൽ ശ്രോതാക്കളുടെ എതിർപ്പില്ലാതെ എളുപ്പം നിർത്തലാക്കാനും കഴിയുമെന്നാണ് കേന്ദ്ര വാർത്താവിതരണമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.