തിരുവനന്തപുരം
രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യസംഗമം. നാടിന്റെ സ്വാതന്ത്ര്യം കാത്തുസംരക്ഷിക്കണമെന്നും ഭരണഘടനാപരമായി നേടിയ അവകാശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഇല്ലാതാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് എഐകെഎസ്, കെഎസ്കെടിയു, സിഐടിയു എന്നിവയുടെ നേതൃത്വത്തിൽ ‘ഫ്രീഡം വിജിൽ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സംഗമത്തിൽ ജനലക്ഷങ്ങൾ അണിനിരന്നു.
തിങ്കൾ വൈകിട്ട് അഞ്ചിന് ആരംഭിച്ച സംഗമങ്ങൾ രാത്രി 12 വരെ തുടർന്നു. മൂന്നു സംഘടനയുടെയും നേതൃത്വത്തിൽ ചെറുജാഥകളായാണ് പ്രവർത്തകർ സംഗമ സ്ഥലങ്ങളിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു. കലാ, സാംസ്കാരിക പരിപാടികളും ഉണ്ടായി. തലസ്ഥാനത്ത് ചാല, പാളയം, വഞ്ചിയൂർ ഏരിയ കമ്മിറ്റികൾ ചേർന്ന് ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച സംഗമം എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു അധ്യക്ഷനായി.
കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, പി നന്ദകുമാർ, കെ എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.