തിരുവനന്തപുരം
ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് ചാന്ദ്രയാൻ 3ന്റെ യാത്ര നിർണായക ദിനങ്ങളിലേക്ക്. സോഫ്റ്റ് ലാൻഡിങ്ങിന് ഒമ്പതുദിവസം ബാക്കിനിൽക്കേ നാലാം പഥം താഴ്ത്തലും കൃത്യമായി പൂർത്തിയാക്കി. ദീർഘവൃത്താകൃതിയിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ പഥം വൃത്താകൃതിയിലാക്കുന്ന പ്രവർത്തനം തുടങ്ങി. തിങ്കൾ പകൽ 11.30ന് നടത്തിയ ജ്വലനത്തിലൂടെ പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. കൂടിയ ദൂരം 177 കിലോമീറ്ററും കുറഞ്ഞ ദൂരം 150 കിലോമീറ്ററുമായി. 157 കിലോഗ്രാം ഇന്ധനം 17.9 മിനിറ്റ് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ത്രസ്റ്റർ ജ്വലനം വഴി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചന്ദ്രന്റെ പ്രതലത്തിലേക്ക് അടുപ്പിക്കാനായതായി ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.
ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കിൽനിന്നുള്ള കമാൻഡുകൾ പേടകം കൃത്യതയോടെ സ്വീകരിച്ച് പ്രതികരിക്കുന്നുണ്ട്. ലാൻഡർ, റോവർ എന്നിവയിലെ പരീക്ഷണ ഉപകരണങ്ങൾ, സോഫ്റ്റ്വെയർ എന്നിവയുടെ ക്ഷമതാ പരിശോധനയും തുടരുന്നു. 3.80 ലക്ഷത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചെത്തിയ പേടകം 23ന് സോഫ്റ്റ് ലാൻഡ് ചെയ്യും. ഇതിനു മുന്നോടിയായി ബുധനാഴ്ച വീണ്ടും ജ്വലനം നടത്തും. 28 സെക്കൻഡ് മാത്രമുള്ള ഈ ജ്വലനത്തോടെ നൂറുകിലോമീറ്റർ വൃത്തപഥത്തിലേക്ക് പേടകം എത്തും. വ്യാഴാഴ്ച പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. 23ന് 30 കിലോമീറ്റർ അടുത്തെത്തിയിട്ടാകും സോഫ്റ്റ് ലാൻഡിങ് ഘട്ടം ആരംഭിക്കുക. അതിനിടെ റഷ്യയുടെ ലൂണ 25 ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് എത്തും. 21നോ 22നോ സോഫ്റ്റ് ലാൻഡ് ചെയ്യും.