റിയാദ്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും പിന്നാലെ നെയ്മറും യൂറോപ്യൻ ഫുട്ബോളിനോട് വിടചൊല്ലുന്നു. സൗദി പ്രോ ലീഗിലേക്കാണ് ബ്രസീലുകാരൻ പോകുന്നത്. അൽ ഹിലാൽ ക്ലബ്ബിനായി കളിക്കും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് പൊന്നുംവിലയ്ക്കാണ് കൂടുമാറ്റം. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഒരു യുഗംകൂടിയാണ് അവസാനിക്കുന്നത്. മെസിയും റൊണാൾഡോയും നെയ്മറും ഇല്ലാത്ത ചാമ്പ്യൻസ് ലീഗാണ് ഇക്കുറി.
റൊണാൾഡോ ജനുവരിയിൽ സൗദി ക്ലബ് അൽ നസറിലേക്ക് ചേക്കേറി. മെസി സൗദിയിലെ വാഗ്ദാനം നിരസിച്ച് അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്കും പോയി. എന്നാൽ, ഇരുവരെക്കാളും ചെറുപ്പമാണ് നെയ്മർ. മുപ്പത്തൊന്നാണ് പ്രായം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കോ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിലേക്കോ പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൽ ഹിലാലുമായി ധാരണയായത്. പിഎസ്ജിക്കും സമ്മതമായിരുന്നു. ഏകദേശം 818 കോടി രൂപയാണ് കരാർ തുക. എന്നാൽ, വിടുതൽ തുക ഉൾപ്പെടെയാകുമ്പോൾ 1000 കോടിയിൽ കൂടും. അൽ ഹിലാലിൽ 1450 കോടി രൂപയായിരിക്കും വാർഷിക ശമ്പളമെന്നാണ് സൂചന. രണ്ട് വർഷത്തേക്കായിരിക്കും കരാർ. മെഡിക്കൽ പരിശോധന ഉടനുണ്ടാകും. സൗദി ലീഗ് ഇതിനകം തുടങ്ങിക്കഴിഞ്ഞു.
പ്രതിഭകൾ അവസാനിക്കാത്ത ബ്രസീൽ ഫുട്ബോളിൽ ഭാവിതാരമെന്ന ഖ്യാതിയുമായാണ് നെയ്മർ ഉയർന്നുവന്നത്. എന്നാൽ, ഇടയ്ക്കിടെയുണ്ടായ പരിക്കുകൾ നെയ്മറെ തളർത്തി. 2013ൽ സാന്റോസിൽനിന്ന് ബാഴ്സയിൽ എത്തിയതോടെയാണ് മുന്നേറ്റക്കാരന്റെ കളിജീവിതം മാറിയത്. ബാഴ്സയിൽ അത്ഭുതങ്ങൾ കാട്ടി. ലയണൽ മെസിക്കും ലൂയിസ് സുവാരസിനുമൊപ്പമുള്ള ബാഴ്സക്കാലം നെയ്മറെന്ന പ്രതിഭയുടെ അടയാളപ്പെടുത്തൽകൂടിയായി. ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. 2017ൽ ബാഴ്സ വിട്ടു. ലോക ഫുട്ബോളിലെ എക്കാലത്തെയും വലിയ കരാർ തുകയായ ഏകദേശം 2000 കോടി രൂപയ്ക്കാണ് പാരിസിലേക്കെത്തിയത്. എന്നാൽ, പ്രതീക്ഷിച്ചപോലെയായില്ല കാര്യങ്ങൾ. 173 കളിയിൽ 118 ഗോളുകൾ നേടിയെങ്കിലും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാൻ കഴിയാത്തത് നിരാശയായി. ഒപ്പം സഹതാരം കിലിയൻ എംബാപ്പെയുമായുള്ള അസ്വാരസ്യങ്ങളും വിനയായി. പരിക്ക് നിരന്തരം വേട്ടയാടി. കാണികളും എതിരായി. 13 കിരീടങ്ങൾ പിഎസ്ജിക്കൊപ്പം നേടി. അതിൽ അഞ്ച് ലീഗ് കിരീടങ്ങൾ. 2020ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു.
കഴിഞ്ഞവർഷം മാർച്ചിൽ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് സീസണിലെ പകുതി മത്സരങ്ങളും നഷ്ടമായി. ശസ്ത്രക്രിയയെത്തുടർന്ന് ജൂലൈയിലാണ് പരിശീലനം നടത്താനായത്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിന്റെ രണ്ട് കളികളിലും ഇറങ്ങാനായില്ല. 2019ലെ കോപ അമേരിക്കയും നഷ്ടമായിരുന്നു. 2021ലും പരിക്ക് തളർത്തി. ബ്രസീൽ കുപ്പായത്തിൽ തുടരുന്ന കാര്യത്തിലും വ്യക്തതയില്ല.
ഈ സീസണിൽ പിഎസ്ജി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുൻ ക്ലബ് ബാഴ്സയിലേക്ക് മടങ്ങുമെന്നായിരുന്നു സൂചന. എന്നാൽ, ബാഴ്സ പരിശീലകൻ സാവിക്ക് ബ്രസീലുകാരനിൽ താൽപ്പര്യമുണ്ടായില്ല. അൽ ഹിലാലിന്റെ വാഗ്ദാനം ഏറെനാളായുണ്ട്. എംബാപ്പെ പിഎസ്ജിയിൽ പരിശീലനത്തിലേക്ക് തിരിച്ചെത്തുമെന്ന് വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നെയ്മറുടെ കരാർ വിവരം പുറത്താകുന്നത്. എംബാപ്പെയെപോലെ പിഎസ്ജിയുടെ ആദ്യകളിയിൽ നെയ്മർക്കും സ്ഥാനമുണ്ടായിരുന്നില്ല. ഈ സീസണിൽ പിഎസ്ജി വിടുന്ന രണ്ടാമത്തെ പ്രധാന താരമാണ്. മെസി ജൂണിൽ ക്ലബ് വിട്ടിരുന്നു. ബാഴ്സയിൽനിന്നുള്ള ഉസ്മാൻ ഡെംബെലെയാണ് പിഎസ്ജി നെയ്മർക്ക് പകരക്കാരൻ.