ന്യൂഡൽഹി
മ്യാൻമറിൽനിന്ന് എത്തിയ കുക്കി അഭയാർഥികളാണ് മണിപ്പുരിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കെതിരായി വലിയ പ്രതിഷേധം ഉയരുന്നു. മണിപ്പുരിലെ കാങ്പോക്പിയിൽ ആയിരക്കണക്കിന് സ്ത്രീകൾ അമിത് ഷായ്ക്കെതിരെ തെരുവിലിറങ്ങി.
ബ്രിട്ടീഷ് ഭരണത്തിന് മുമ്പുതന്നെ മണിപ്പുരിൽ കഴിയുന്നവരാണ് കുക്കികളെന്നും അഭയാർഥികളെന്ന് ആക്ഷേപിക്കരുതെന്നും അവര് ആവശ്യപ്പെട്ടു. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ യോജിച്ച് കുക്കികൾക്കെതിരായി നീങ്ങുന്നതിനു തെളിവാണ് അമിത് ഷായുടെ പ്രസംഗമെന്നും കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (സിഒടിയു) സദർഹിൽസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തവർ പറഞ്ഞു. അമിത് ഷാ പരാമർശം തിരുത്തണമെന്നും അഭയാർഥികളെക്കുറിച്ചുള്ള കൃത്യമായ വിവരം പുറത്തുവിടണമെന്നും കുക്കി എംഎൽഎമാരും ആവശ്യപ്പെട്ടു.